മൂന്നര പതിറ്റാണ്ടത്തെ പ്രവാസത്തിന് വിരാമം; കബീർ ഇനി സ്നേഹത്തണലിലേക്ക്
text_fieldsമസ്കത്ത്: മൂന്നര പതിറ്റാണ്ടത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് ആലപ്പുഴ സ്വദേശി എം.എം. കബീർ ഞായറാഴ്ച നാടണയും. അഞ്ചു വർഷം സൗദി അറേബ്യയിൽ കഴിഞ്ഞതൊഴിച്ചാൽ ബാക്കി 32 വർഷവും ജീവിച്ചത് ഒമാനിലായിരുന്നു. 'വരവേൽപ്പ്' സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിലെ ഒന്നാംഘട്ടം. 1982ൽ 23ാം വയസ്സിൽ സൗദിയിൽ പോയ കബീർ അഞ്ചു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. ഉണ്ടായിരുന്ന സമ്പാദ്യവും അൽപം കടവുമൊക്കെ വാങ്ങി ഒരു സെക്കൻഡ് ഹാൻഡ് ബസ് റൂട്ടടക്കം വാങ്ങി. തുടക്കത്തിൽ കാര്യങ്ങൾ ഭംഗിയായിതന്നെ പോയി. എന്നാൽ, ക്രമേണ തൊഴിൽ പ്രശ്നങ്ങൾ ആരംഭിച്ചതോടെ ഇദ്ദേഹംതന്നെ ബസിലെ ജോലികളും ചെയ്യാൻ തുടങ്ങി. പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനെ തുടർന്ന് കിട്ടിയ വിലക്ക് ബസ് വിറ്റ് 1990ൽ ഒമാനിലേക്ക് വിമാനം കയറി. ഒമാനിലെ മസീറയിലേക്കായിരുന്നു വന്നതെങ്കിലും ആദ്യം ജോലി ചെയ്തത് നഖൽ എന്ന സ്ഥലത്തായിരുന്നു. പിന്നീട് ഫ്രഞ്ച് ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു. അതിനുശേഷം ഏഴു വർഷം സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി സേവനം അനുഷ്ഠിച്ചു. ബാക്കിയുള്ള കാലം നരൻജീ ആൻഡ് ഹിരൺജി കമ്പനിയിലായിരുന്നു ജോലി. ഒമാനിലെ തൊഴിൽ കൊണ്ട് ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ മറികടക്കാൻ സാധിച്ചുവെന്ന് കബീർ പറഞ്ഞു. സ്വദേശികൾ കാണിച്ച സ്നേഹവും സഹകരണവും മറക്കാൻ പറ്റാത്തതാണ്. ഇവിടത്തെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിനെ രണ്ടുവട്ടം കാണാൻ സാധിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ സുഹർബാൻ കഴിഞ്ഞ 20 വർഷമായി കൂടെയുണ്ട്. മുംതാസ്, മുജീബ്, മാജിദ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.