ഇടിമിന്നലും പൊടിക്കാറ്റും; ഞായറാഴ്ച വരെ മഴക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച വരെ ഇടിമിന്നലും പൊടിക്കാറ്റിനോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നിഗമനം. രാജ്യത്തെ ഒരു ഉപരിതല ന്യൂനമർദം ബാധിച്ചിട്ടുണ്ടെന്നും ഇത് മുകളിലെ അന്തരീക്ഷത്തിലെ മറ്റൊരു ന്യൂനമർദ്ദവുമായി ചേർന്ന് ക്രമേണ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി മേഘങ്ങൾ വർധിക്കാൻ തുടങ്ങും.
ഇത് ശനിയാഴ്ച വരെ നേരിയതും ഇടക്കിടെയുള്ളതുമായ മഴക്ക് സാധ്യത സൃഷ്ടിക്കും. ശനിയാഴ്ച വൈകുന്നേരം വരെ ഇടക്കിടെ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ചില പ്രദേശങ്ങളിൽ കനത്തതും ഇടിമിന്നലോടുകൂടിയതുമായ മഴ ലഭിച്ചേക്കാം.
ഈ കാലയളവിൽ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തെക്ക് നിന്ന് കാറ്റിന്റെ ശക്തി വർധിക്കും. ഇത് പൊടിക്കാറ്റിനും തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിനും കാരണമാകും. കടൽ തിരമാലകളും ഉയരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മഴ പരമാവധി ശക്തി പ്രാപിക്കുമെന്നും ശനിയാഴ്ച വരെ തുടരുമെന്നും ധരാർ അൽ അലി വ്യക്തമാക്കി. ശനിയാഴ്ച അർധരാത്രി മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് മേഘങ്ങൾ കുറയാൻ തുടങ്ങുകയും മഴയുടെ സാധ്യത കുറയുകയും ചെയ്യും. ഞായറാഴ്ച രാവിലെ ചിലയിടങ്ങളിലും തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.