38 വര്‍ഷത്തെ ദുരിതജീവിതത്തിനുശേഷം ചന്ദ്രൻ നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: 38 വർഷത്തെ ദുരിത ജീവിതത്തിനുശേഷം പ്രവാസി മലയാളി നാടണഞ്ഞു. തൃശൂർ കയ്പമംഗലം കാളമുറി പടിഞ്ഞാറുഭാഗം കിളിക്കോട്ട് കൊച്ചുകുട്ടന്‍ ചന്ദ്രനാണ് ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകന്‍ സലിം കൊമ്മേരിയുടെയും പരിശ്രമത്തിനൊടുവില്‍ നാടണഞ്ഞത്. ഹൃദയസംബന്ധമായ അസുഖം കാരണം സ്പോണ്‍സറുടെ കൂടെ അദാന്‍ ആശുപതിയിലെത്തിയ കൊച്ചുകുട്ടൻ ചന്ദ്രന്‍റെ ദുരിതാവസ്ഥ മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതുകണ്ട സഹോദരന്‍റെ മക്കള്‍ സാമൂഹിക പ്രവര്‍ത്തകന്‍ മൊയ്തീന്‍ ഷായെ ബന്ധപ്പെടുകയും തുടര്‍ന്ന് സലിം കൊമ്മേരി വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ആശുപത്രിയിലെത്തിയ സലിം കൊമ്മേരി നേരില്‍ക്കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി.
ചന്ദ്രന്‍ ജോലി ചെയ്യുന്ന സ്പോണ്‍സറെ ബന്ധപ്പെട്ട് എംബസിയെ വിവരം അറിയിച്ചു. 1983ലാണ് തൃശൂര്‍ കയ്പമംഗലം സ്വദേശി ചന്ദ്രൻ ആദ്യമായി കുവൈത്തിലെത്തുന്നത്. വഫ്രയിൽ ആടുമേയ്ക്കല്‍ ജോലിക്കായെത്തിയ ചന്ദ്രന് ജോലിയും ചുറ്റുപാടുകളും കാരണം നാട്ടുകാരുമായോ കുടുംബക്കാരുമായോ ബന്ധപ്പെടാന്‍ സാധിച്ചില്ല. വിവരങ്ങള്‍ അറിയാനായി ഭാര്യയും മൂന്ന് പെണ്‍കുട്ടികളും മകനും മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികളിലും അധികാരികളിലും നിരവധി തവണ സമ്മർദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. കൈരളി ടി.വിയിലെ പ്രവാസലോകം പരിപാടിയില്‍ ഇവരുടെ ദുരിതകഥ സംപ്രേഷണം ചെയ്തെങ്കിലും കണ്ടെത്താനായില്ല. നാലുപതിറ്റാണ്ടിനിടയില്‍ നിരവധി സ്പോണ്‍സർമാരുടെ കീഴില്‍ ജോലി ചെയ്തു.
ഇപ്പോഴത്തെ തൊഴിലുടമയുടെ കൂടെ എത്തുന്നത് ഏഴുവര്‍ഷം മുമ്പാണ്. നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതും ഭാര്യ മരിച്ചതും ചന്ദ്രന്‍ അറിഞ്ഞില്ല. ആറു മാസം മുമ്പാണ് ഭാര്യ യശോദ മരിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചന്ദ്രനെ മക്കളും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചു. നീണ്ട പ്രവാസത്തിനൊടുവില്‍ പാതിതളര്‍ന്ന ചന്ദ്രന്‍ ജീവത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് മക്കളും പേരമക്കളുമടങ്ങുന്ന കുടുംബം. ചന്ദ്രനെ നാടിലെത്തിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും കുടുംബം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.