ഗാര്‍ഹിക തൊഴിലാളികളുടെ വിസ മാറ്റം; ഉപയോഗപ്പെടുത്തിയവർ നിരവധി
text_fieldsകുവൈത്ത് സിറ്റി: ഗാർഹിക മേഖലയിൽനിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറാനുള്ള അവസരം ഉപയോഗപ്പെടുത്തി പ്രവാസികൾ. ഇതുവരെ 30,000ത്തിലധികം ഗാര്‍ഹിക തൊഴിലാളികളാണ് വിസ മാറ്റാൻ അപേക്ഷ നൽകിയത്. കഴിഞ്ഞ ജൂലൈയിലാണ് വീട്ടുജോലിക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാനുള്ള ആനുകൂല്യം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
ആഗസ്റ്റ് പകുതി വരെ ലഭിച്ച അപേക്ഷകളില്‍നിന്ന് 10,000 അപേക്ഷകള്‍ പ്രോസസ് ചെയ്തതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ള അപേക്ഷകൾ നിലവിൽ അവലോകനത്തിലാണ്.
സെപ്റ്റംബർ 12 വരെയാണ് വിസ മാറ്റത്തിനുള്ള ആനുകൂല്യം ലഭിക്കുക. സമയപരിധിക്ക് മുമ്പ് വിസമാറ്റ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് റെസിഡൻസി അഫയേഴ്സ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
പുതിയ തീരുമാനം ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റി അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരം നൽകുന്നു. കമ്പനികളെയും സ്ഥാപനങ്ങളെയും ബാധിക്കുന്ന കടുത്ത തൊഴിൽ ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കും.
അടുത്തിടെ ഏകദേശം 80,000 നിയമലംഘകരെ നാടുകടത്തിയത് തൊഴിൽ വിപണിയെ ബാധിച്ചിരുന്നു. വിസമാറ്റ നടപടികൾ തൊഴിൽ വിപണിയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് പ്രതീക്ഷ.ഒരു വർഷമെങ്കിലും കുവൈത്തിൽ ഗാർഹിക തൊഴിൽ ചെയ്തവർക്ക് വിസ മാറ്റത്തിന് അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.