അടിസ്ഥാന സൗകര്യങ്ങളുടെ രൂപകൽപനയിൽ മാറ്റങ്ങൾ അനിവാര്യം -ഡോ. ജാഫറലി
text_fieldsകുവൈത്ത് സിറ്റി: അടിസ്ഥാന സൗകര്യങ്ങൾ രൂപകൽപന ചെയ്യുന്നതിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് ഡോ. ജാഫറലി പാറോൽ. നമ്മുടെ നിലവിലുള്ള കെട്ടിടങ്ങളും ഘടനകളും കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടത്ര മതിയായതല്ലെന്നും അദ്ദേഹം പറഞ്ഞു.
‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്കും സംഭാവനയും’ വിഷയത്തിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര കോൺഗ്രസിൽ പ്രഭാഷണം നടത്തുകയായിരുന്നു മലയാളി ശാസ്ത്രജ്ഞനായ ഡോ. ജാഫറലി. ഘടനാപരമായ ആരോഗ്യ നിരീക്ഷണത്തിലൂടെ കാലാവസ്ഥ മാറ്റത്തിനും പ്രകൃതി ദുരന്തത്തിനുമെതിരായ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതെങ്ങനെയെന്ന കാര്യമാണ് അദ്ദേഹം അവതരിപ്പിച്ചത്.
കെട്ടിടങ്ങളുടെയും മറ്റും ഘടനകൾ എത്രത്തോളം നന്നായി നിലകൊള്ളുന്നുവെന്ന് കാണുന്നതിനും ആവശ്യമായ മെച്ചപ്പെടുത്തൽ വരുത്താനും യഥാർഥ ഡേറ്റ ശേഖരണം പ്രധാനമാണ്.
ഈ ഘടനകളുടെ ആരോഗ്യം നിരീക്ഷിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, തീവ്ര പ്രകൃതിദുരന്തങ്ങൾ എന്നിവയെ മികച്ച രീതിയിൽ നേരിടാൻ സഹായിക്കും. ഇൻഫ്രാസ്ട്രക്ചറുകളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സെൻസർ സാങ്കേതികവിദ്യയും നൂതന ഡേറ്റാധിഷ്ഠിത വിശകലന രീതികളും സംയോജിപ്പിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകൾ കെട്ടിടങ്ങളുടെയും പാലങ്ങളുടെയും കേടുപാടുകൾ തുടക്കത്തിൽതന്നെ കണ്ടെത്താൻ സഹായിക്കും. അതിനാൽ, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രതിരോധം ഇത് വർധിപ്പിക്കും.
വെള്ളപ്പൊക്കം, ഭൂകമ്പം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദത്തമായ ഏത് തീവ്ര പ്രകൃതി സംഭവങ്ങളിലും യഥാർഥ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഈ നൂതന സാങ്കേതികവിദ്യകൾ സർക്കാർ അധികാരികളെ സഹായിക്കുമെന്നും ഡോ. ജാഫറലി സൂചിപ്പിച്ചു.
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ഡോ. ജാഫറലി, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞനാണ്. ഉച്ചകോടിയിൽ കുവൈത്തിൽനിന്നുള്ള പ്രതിനിധിയായാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.