മാധ്യമ രംഗത്ത് മാറ്റങ്ങൾ അനിവാര്യം -ശശികുമാർ
text_fieldsകുവൈത്ത് സിറ്റി: മാധ്യമ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്നും അതത് കാലഘട്ടത്തിന്റെയും ടെക്നോളജിയുടെയും പ്രതിഫലനങ്ങൾ അതിൽ ഉൾച്ചേരുന്നത് സ്വാഭാവികമാണെന്നും മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ശശികുമാർ. പ്രിന്റിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഇപ്പോൾ ഡിജിറ്റൽ രംഗത്തേക്കും വാർത്താമാധ്യമങ്ങളുടെ വികാസമെത്തി. ഇവയെ എല്ലാം എങ്ങനെ ഒരുമിപ്പിച്ച് വിശ്വാസ്യതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുകൊണ്ടുപോകും എന്നതാണ് ഈ കാലത്തെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രസ് ക്ലബ് കുവൈത്ത് സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശശികുമാർ.
പ്രവാസികൾ ഇന്ത്യയുടെ സാംസ്കാരിക സാമ്പത്തിക മൂലധനമാണ്. ഗൃഹാതുരത്വത്തിന്റെ ഭൂമികൂടിയായിരുന്നു പ്രവാസലോകം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾ എത്തിയതോടെ ആ നൊസ്റ്റാൾജിയക്കാലം അവസാനിച്ചെന്നും ആർക്കും ഇപ്പോൾ എളുപ്പത്തിൽ 'കണ്ടുമുട്ടാ'മെന്നും അദ്ദേഹം പറഞ്ഞു.
ഭരണാധികാരികൾ ജനാധിപത്യ മര്യാദകൾ മറന്നുപോകുന്ന ഘട്ടങ്ങളിൽ അത് ഓർമിപ്പിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്ന് മാധ്യമ പ്രവർത്തക ഷാനി പ്രഭാകരൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരും റിപ്പോർട്ടർമാരാകുന്ന കാലത്ത് ആധികാരികത, വിശ്വാസ്യത എന്നിവ വ്യവസ്ഥാപിത മാധ്യമങ്ങൾക്ക് മാത്രമേ ഉള്ളൂവെന്നും ഷാനി ഉണർത്തി.
സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുനീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് കുവൈത്ത് സ്ഥാപകാംഗവും ഫോട്ടോ ജേണലിസ്റ്റുമായിരുന്ന അന്തരിച്ച ഗഫൂർ മൂടാടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രസ് ഫോട്ടോ അവാർഡിന് മലയാള മനോരമ കൊച്ചി ഫോട്ടോഗ്രാഫർ ജോസ് കുട്ടി പനക്കൽ അർഹനായി. ശശികുമാർ അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചു.
അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പ്രസ് ഫോട്ടോ അവാർഡ് നാട്ടിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ ഗഫൂർ മൂടാടിയെയും ഫോട്ടോ അവാർഡിനെയുംകുറിച്ച് വിശദീകരിച്ചു.
ചലച്ചിത്ര പിന്നണി ഗായിക പുഷ്പാവതിയും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നം പരിപാടിയുടെ ആകർഷണമായി. കുവൈത്തിലെ വിവിധ സംഘടന നേതാക്കളും സാസ്കാരിക പ്രവർത്തകരും ബിസിനസ് പ്രമുഖരും പൊതുജനങ്ങളും പങ്കെടുത്തു. സമ്മേളനത്തിൽ ട്രഷറർ അനിൽ കെ. നമ്പ്യാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.