സുഹൃദ് സംഘം യാത്രയാക്കി; റഹീം ഇനി വീടിന്റെ തണലിൽ
text_fieldsകുവൈത്ത് സിറ്റി: എല്ലാം അവസാനിച്ചു എന്നു കരുതിയ ഇടത്തുനിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയ റഹീം ഇനി വീടിന്റെയും ബന്ധുക്കളുടെയും തണലിൽ കഴിയും. രണ്ടു വർഷത്തെ ആശുപത്രി വാസത്തിനൊടുവിൽ വെള്ളിയാഴ്ച റഹീം നാട്ടിലേക്കു മടങ്ങി. വൈകീട്ടോടെ കോഴിക്കോട്ടെത്തിയ റഹീമിനെ സി.എച്ച് സെന്ററിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റും.
കെ.എം.സി.സി പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ, പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക് അഹ്മദ്, ഐ.സി.എഫ് പ്രതിനിധിയും സന്നദ്ധ പ്രവർത്തകനുമായ സമീർ, മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ടെക്നോളജിസ്റ്റ് അറഫാത്ത്, അഫ്സൽ ഖാൻ, മൻസൂർ, പി.പി. ലത്തീഫ്, ഷാനവാസ് തുടങ്ങി വിവിധ സംഘടന സാമൂഹ്യ പ്രവർത്തകർ റഹീമിനെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തി. സന്നദ്ധ പ്രവർത്തകരായ സലിം കൊമ്മേരിയും, ഹാരിസ് വള്ളിയോത്തും റഹീമിനെ യാത്രയിൽ അനുഗമിച്ചു.
2022 മാർച്ച് 17ന് ഷുഹദാ സിഗ്നലിൽ ഉണ്ടായ അപകടത്തെത്തുടർന്ന് ദീർഘനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റഹീം. നീണ്ടകാലത്തെ നിയമപോരാട്ടത്തിനും മലയാളി സംഘടനകളുടെയും വ്യക്തികളുടെയും ഇടപെടലിനും ഒടുവിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. കുവൈത്തിൽ ഹൗസ് ഡ്രൈവറായും മറ്റു ജോലികളിലും ഏർപ്പെട്ടുവരുകയായിരുന്ന റഹീം നാട്ടിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടം. ഇഖാമ തീർന്നതിനാൽ യാത്രക്കുമുമ്പ് ഇന്ത്യൻ എംബസിയിൽനിന്ന് യാത്രാരേഖകള്‍ ശരിയാക്കി നാട്ടിലേക്കുള്ള ടിക്കറ്റും എടുത്തിരുന്നു. യാത്രക്ക് തൊട്ടുമുമ്പുള്ള ദിവസം ഉണ്ടായ അപകടത്തില്‍ റഹീമിന് ഗുരുതര പരിക്കേറ്റു. പിന്നീട് മാസങ്ങളോളം ബോധമില്ലാതെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിഞ്ഞു. പിന്നീട് അത്ഭുതകരമായി റഹീം ജീവിതത്തിലേക്ക് തിരികെ വന്നു. എന്നാൽ ശരീരത്തിന്റെ ഒരു ഭാഗം അപ്പോഴേക്കും തളർന്നിരുന്നു. സംസാരത്തിനും പ്രയാസങ്ങൾ വന്നു. നിയമ പ്രശ്നങ്ങൾ ഉള്ളതിനാൽ നാട്ടിൽ പോകാനും കഴിയാതെയായി.
വിഷയത്തിൽ ആദ്യം മുതൽ ഇടപെട്ടു വന്നിരുന്ന മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ടെക്നോളജിസ്റ്റ് അറഫാത്തും വിവിധ സംഘടനകളും വ്യക്തികളും ഒരുമിച്ചതോടെ ഒടുവിൽ റഹീമിന് യാത്രക്കുള്ള വഴി തുറന്നു. ആറുമാസത്തോളം നീണ്ട നടപടികൾക്കൊടുവിൽ റഹീമിന്റെ ട്രാവൽ ബാൻ നീങ്ങി. പ്രവാസി വെൽഫെയർ കുവൈത്ത്, കെ.എം.സി.സി, ഐ.സി.എഫ്, മറ്റു സംഘടന പ്രതിനിധികൾ, വ്യക്തികൾ എന്നിവർ ഇതിൽ വലിയ പങ്കുവഹിച്ചു. വെള്ളിയാഴ്ച ആശുപത്രിയിൽനിന്ന് ആംബുലൻസിൽ വിമാനത്താവളത്തിൽ എത്തിച്ച റഹീമിനെ വീൽചെയറിലാണ് വിമാനത്തിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.