ഉപഭോക്താക്കള്‍ സൂക്ഷ്മത പുലർത്തണം; റമദാനിൽ ഓണ്‍ലൈന്‍ തട്ടിപ്പ്,ജാഗ്രത നിർദേശം നല്കി ബാങ്കുകള്‍
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ ചാരിറ്റി സംഭാവനയെന്ന പേരിൽ വ്യാജ ലിങ്കുകളുടെ പ്രചാരണം വ്യാപകം. ഇതോടെ ബാങ്കുകള്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉപഭോക്താക്കള്‍ ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തണമെന്ന് ബാങ്കുകൾ മുന്നറിയിപ്പ് നൽകി. പേമെന്റ് ലിങ്കുകള്‍ ലഭിച്ചാല്‍ ആധികാരികത പരിശോധിച്ച് മാത്രമേ പണം ട്രാന്‍സ്ഫര്‍ ചെയ്യാവൂ. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാമെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്ധന്‍ അബ്ദുൽ മൊഹ്സെൻ അൽ നാസർ പറഞ്ഞു.
റമദാൻ ആരംഭിച്ചതോടെ ചാരിറ്റിയുടെ പേരില്‍ സൈബർ ഫിഷിങ് തട്ടിപ്പുകൾ കൂടുതലായി നടക്കുകയാണ്. ഇ-മെയിലുകൾ, ടെക്സ്റ്റ് മെസേജുകൾ, അപരിചിതമായ ഉറവിടങ്ങളിൽനിന്നുള്ള ഫോൺ കാളുകൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അൽ നാസർ പറഞ്ഞു. ഒരു ധനകാര്യ സ്ഥാപനവും ഉപഭോക്താക്കളോട് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ല. ഡെബിറ്റ്, ക്രെഡിറ്റ് തുടങ്ങിയ കാർഡുകളുടെ പിൻ നമ്പറുകൾ പോലുള്ള രഹസ്യവിവരങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കരുതെന്നും ഇടപാടുകൾ പൂർത്തിയായ ഉടൻ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനിൽനിന്നോ വെബ്സൈറ്റിൽനിന്നോ ലോഗ് ഔട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഫോണിലെ ആപ്ലിക്കേഷനുകളും ഓപറേറ്റിങ് സിസ്റ്റങ്ങളും ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകള് ചെയ്യണമെന്നും അൽ നാസർ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.