ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് ചാർട്ടർ വിമാനം വന്നുതുടങ്ങി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് ചാർട്ടർ വിമാനങ്ങൾ വന്നുതുടങ്ങി. കുവൈത്ത് സർക്കാർ വകുപ്പുകളും അനുബന്ധ കമ്പനികളുമാണ് പ്രത്യേക വിമാനങ്ങളിൽ ജീവനക്കാരെ കൊണ്ടുവരുന്നത്. കെ.ഒ.സിയുടെ അനുബന്ധ കമ്പനിയായ കുവൈത്ത് ഡ്രില്ലിങ് കമ്പനി ജീവനക്കാരായ 50 യാത്രക്കാരുമായി ജസീറ എയർവേസിെൻറ ചാർട്ടർ വിമാനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. വെള്ളിയാഴ്ച ഡൽഹിയിൽനിന്നും കെ.ഡി.സി ജീവനക്കാരെ കൊണ്ടുവന്നിരുന്നു. കുവൈത്തിലെ സർക്കാർ വകുപ്പുകൾക്ക് തങ്ങളുടെ വിദേശ ജീവനക്കാരെ ചാർട്ടർ വിമാനത്തിൽ കൊണ്ടുവരാൻ മന്ത്രിസഭ നൽകിയ പ്രത്യേക അനുമതിയാണ് ഉപയോഗപ്പെടുത്തുന്നത്.
കഴിഞ്ഞ ആഴ്ച കുവൈത്ത് എയർവേസ് വിമാനത്തിൽ ആരോഗ്യ മന്ത്രാലയം 116 ജീവനക്കാരെ കൊണ്ടുവന്നു. 500 ആരോഗ്യ പ്രവർത്തകരെ അടിയന്തരമായി കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. അവധിക്ക് പോയ വിദേശി ജീവനക്കാർ തിരിച്ചെത്താത്തത് പല സർക്കാർ വകുപ്പുകളെയും ബാധിക്കുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെ വിലക്കുള്ള പല രാജ്യങ്ങളിലേക്കും കുവൈത്തിൽനിന്ന് ചാർട്ടേഡ് സർവിസുകളുണ്ട്. ഈ വിമാനങ്ങളിൽ സർക്കാർ ജീവനക്കാരെ തിരികെ കൊണ്ടുവരാൻ സർക്കാർ ഏജൻസികൾക്ക് സാധിക്കും. അടിയന്തരമായി തിരിച്ചെത്തിക്കേണ്ട വിദേശ ജീവനക്കാരുടെ പേര്, തസ്തിക എന്നിവ സഹിതം കോവിഡ് എമർജൻസി കമ്മിറ്റിക്ക് അപേക്ഷ നൽകണമെന്ന് സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിസഭ ഉപസമിതി പട്ടിക പരിശോധിച്ച് യാത്ര അനുമതി നൽകും. മന്ത്രിസഭ നിർണയിച്ച മുൻഗണനാപട്ടികയിൽ ഉൾപ്പെട്ട പത്തുവിഭാഗം ജീവനക്കാരെ മാത്രമാണ് ഇത്തരത്തിൽ തിരിച്ചെത്തിക്കാനാകുക. കുവൈത്തിൽ എത്തിക്കുന്ന ജീവനക്കാരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൽ പാർപ്പിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.