ഓണപ്പൂവും സദ്യയും കൂടെ ചിക്കനും
text_fieldsകുട്ടിക്കാലത്ത് ഓണത്തിന്റെ ഐതിഹ്യം ഒന്നും അറിയില്ലെങ്കിലും സ്കൂൾ പത്ത് ദിവസം അടക്കുന്നതുകൊണ്ട് വലിയ സന്തോഷമായിരുന്നു. അമ്മയാണ് പൂത്തറ ഉണ്ടാക്കുന്നത്.
അതിനുവേണ്ടി ചുവന്ന മണ്ണ് കൊണ്ടുവരാൻ ഞാനും ഇളയ സഹോദരനും വീടിനടുത്തുള്ള കുന്നിൻ ചെരുവിൽ പോകും. അച്ഛന്റെ സഹോദരിയുടെ ഭർത്താവ് വലിയ പ്രായമാകാതെ മരിച്ചതുകൊണ്ട് ഞങ്ങളുടെ ചെറുപ്പം മുതൽ തന്നെ അമ്മായി കോഴിക്കോട് ചാലിയത്തെ ഞങ്ങളുടെ മാത്തൂർ തറവാടിനോടടുത്താണ് താമസിച്ചിരുന്നത്.
അത്തം എത്തുന്നതിന് മുമ്പേ തന്നെ അമ്മായി ഓലകൊണ്ട് പൂവ് പറിച്ച് ഇടാനുള്ള വട്ടി ഉണ്ടാക്കിത്തരും. അതുമായി സഹോദരൻ പ്രദീപിനും തറവാട്ടിലെ തന്നെ സുനിൽ, അനിൽ സുഹൃത്തുക്കളായ മോഹൻ, മനോജ് എന്നിവരോടൊപ്പം ഉച്ചക്ക് ശേഷം പൂവ് പറിക്കാൻ പോകും. ചാലിയം കൺഡ്രം പള്ളിയുടെ ചുറ്റുഭാഗത്തുനിന്നാണ് അരിപ്പൂവ് പറിക്കുന്നത്.
ശേഷം ചാലിയം ഫോറസ്റ്റ് ഡിപ്പോക്ക് സമീപത്തുനിന്ന് തുമ്പപ്പൂവും പറിച്ചാണ് മടക്കം. വട്ടിയിലുള്ള പൂവ് വൈകീട്ട് ആകുമ്പോൾ വീടിന് പുറത്തുള്ള ചെടികളിൽ തൂക്കിയിടും. നേരം വെളുത്താൽ മുക്കുറ്റി പൂവ് വീടിനടുത്തുള്ള ഇടവഴിയുടെ മതിലിൽ നിന്ന് ശേഖരിക്കും.
വീട്ടിൽ തന്നെയുള്ള ചെമ്പരത്തി അടക്കമുള്ള മറ്റുപൂക്കൾ ചേർത്താണ് എന്റെ മൂന്ന് സഹോദരിമാരും കൂടി പൂക്കളം ഇടാറ്. പൂക്കളം നനയാതിരിക്കാൻ വലിയ ചെമ്പിന്റെ ഇല സമീപത്ത് കരുതും.
മലബാറിൽ ഓണസദ്യയുടെ കൂടെ ചിക്കനും വലിയ മീൻ വിഭവങ്ങളും ആദ്യകാലങ്ങളിൽ ഉണ്ടാകാറുണ്ട്. ഇത്തരം ആഘോഷങ്ങൾ വരുമ്പോഴും വിരുന്നുകാർ എത്തുമ്പോഴും മാത്രമാണ് ചിക്കൻ വിഭവങ്ങൾ വീട്ടിൽ ഉണ്ടാകാറുള്ളത്. ഈ കാര്യങ്ങളൊക്കെ തിരുവിതാംകൂറിലൊക്കെയുള്ള സുഹൃത്തുക്കളോട് ഇപ്പോൾ പങ്കുവെക്കുമ്പോൾ അവർക്കെല്ലാം ഇതൊക്കെ ആശ്ചര്യമാണ്.
ഒറ്റ വലിയ ഇലയിൽ അച്ഛന്റെ കൂടെ സദ്യ കഴിച്ചതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ കണ്ണ് നിറയും. തിരുവോണദിവസത്തിൽ തറവാടിനോടടുത്ത് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അയൽപ്പക്കക്കാരായ പാത്തേയ് ഉമ്മ, കൈസുകുട്ടി ഉമ്മ, പാത്തുമ്മ, ആയിഷുമ്മ, നഫീസത്ത (എല്ലാവരും മൺമറഞ്ഞുപോയി) എന്നിവരുടെയെല്ലാം വീടുകളിൽ പായസങ്ങൾ എത്തിച്ചു കൊടുത്തതെല്ലാം ഇപ്പോൾ മാധുര്യമുള്ള ഓർമകളാണ്. ഇന്ന് ഓണം ഒരു കച്ചവട സീസൺ മാത്രമായി മാറിക്കഴിഞ്ഞു.
പ്രവാസി ആയതുമുതൽ വിവിധ അസോസിയേഷനുകൾ നടത്തുന്ന ഓണാഘോഷത്തിൽ ഭാഗമായി വരുന്നു. അപ്പോഴും ഓർമയിൽ നിറയുക പഴയകാല ഓണം തന്നെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.