റമദാൻ ആദ്യ പത്തുകഴിഞ്ഞു ഇനി കുട്ടികളുടെ ‘ഗിർഗിയാൻ’ ആഘോഷം
text_fieldsകുവൈത്ത് സിറ്റി: റമദാൻ ആദ്യപത്തു പിന്നിട്ടതോടെ ഗിർഗിയാൻ ആഘോഷത്തെ വരവേൽക്കാനുള്ള ആഹ്ലാദത്തിലാണ് കുവൈത്തിലെ കുരുന്നുകൾ. റമദാൻ13 മുതലുള്ള മൂന്നു രാവുകൾ കുട്ടികളുടെ ആഘോഷമായി ‘ഗിർഗിയാൻ’ എന്ന പേരിൽ കൊണ്ടാടുന്നത് കുവൈത്തിലെ പാരമ്പര്യമാണ്. ചിലയിടത്ത് ഈ ആഘോഷത്തിനെ ഗരങ്കാവോ എന്നും വിളിക്കുന്നു. ഈ ദിവസങ്ങളിൽ മുതിർന്നവർ കുട്ടികൾക്ക് മിഠായികളും സമ്മാനപ്പൊതികളും കൈമാറും. അലങ്കാരങ്ങളും ഉടയാടകളുമണിഞ്ഞ് കുട്ടികളുടെ ഗിർഗിയാൻ സംഘങ്ങൾ വീടുകൾ കയറി മധുരവും സമ്മാനങ്ങളും കൈമാറുന്നതാണ് ആഘോഷത്തിന്റെ ആകർഷണം. പാർക്കുകളും ഷോപ്പിങ് മാളുകളും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ ആഘോഷങ്ങൾ. കോഓപറേറ്റിവ് സൊസൈറ്റികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും ഗിർഗിയാൻ പരിപാടികൾ അരങ്ങേറും.
പാട്ടുപാടിയും സമ്മാനങ്ങൾ നേടിയും കുട്ടികൾ രാവിനെ പകലാക്കുമ്പോൾ തിരക്കുകൾ മാറ്റി വെച്ച് മുതിർന്നവരും ഈ ദിനങ്ങൾ കുട്ടികൾക്കായി സമർപ്പിക്കും. വ്യാപാര സ്ഥാപനങ്ങളിൽ ഗിർഗിയാൻ ഓഫറുകളും പതിവാണ്. കുരുന്നുകളുടെ ആഘോഷങ്ങൾക്ക് പൊലിമയേകാൻ ജംഇയ്യകളും മറ്റും പ്രത്യേക മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഗിർഗിയാൻ ആഘോഷത്തിന്റെ ഭാഗമായി വിവിധ ഇനം മിഠായികളും സമ്മാനപ്പൊതികളും വിപണിയിലുണ്ട്. റമദാൻ രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ ഗിർഗിയാൻ മധുരം വാങ്ങാനെത്തുന്നവരുടെ തിരക്ക് ശുവൈഖിലെ മിഠായിത്തെരുവിൽ പ്രകടമാണ്. കുഞ്ഞു റാന്തൽ വിളക്കുകൾ, അലങ്കാരങ്ങൾ എന്നിവയുടെയും വിൽപനയും വർധിച്ചു. ഗിർഗിയാൻ ബോക്സുകൾക്കും നല്ല ഡിമാൻറുണ്ട്. പ്രത്യേക പെട്ടികളിൽ അലങ്കാരപ്പണി ചെയ്താണ് ഗിർഗിയാൻ ബോക്സുകളാക്കുന്നത്. മിഠായിക്കൂടുകൾക്കും വിപണിയിൽ ആവശ്യക്കാരേറെയാണ്.
സുരക്ഷ ഉറപ്പാക്കണം -ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: ഗിർഗിയാൻ ആഘോഷ വേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങൾ നൽകി ആഭ്യന്തര മന്ത്രാലയം. ആഘോഷവേളയിൽ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. റെസിഡൻഷ്യൽ ഏരിയകളിലും സ്ക്വയറുകളിലും പരിപാടികൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ഗതാഗത തടസ്സം, കുട്ടികൾക്കുണ്ടാകുന്ന അപകടസാധ്യത എന്നിവ കണക്കിലെടുത്താണ് ഇത്. റെസിഡൻഷ്യൽ ഏരിയകളിലും സ്ക്വയറുകളിലും വാഹനങ്ങൾ, വിനോദ വാനുകൾ, ബാൻഡുകൾ, ഭക്ഷണ ട്രക്കുകൾ എന്നിവ ഉപയോഗിക്കരുതെന്നും മന്ത്രാലയം ഉണർത്തി. ഉൾഭാഗങ്ങളിലെ റോഡുകളിൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും വേഗം കുറക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. റോഡ് ഉപയോക്താക്കളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.