കോളറ: ജാഗ്രത പാലിക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഒരാൾക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോളറ ബാധിത അയൽരാജ്യത്തുനിന്ന് അടുത്തിടെ മടങ്ങിയെത്തിയയാൾക്കാണ് കോളറ അണുബാധ ലക്ഷണങ്ങൾ പ്രകടമായതെന്നും മന്ത്രാലയം വ്യക്തമാക്കി.മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ ജാഗ്രത പുലർത്തുകയും രോഗബാധിതന് മന്ത്രാലയ ആശുപത്രിയിൽ പ്രത്യേക ചികിത്സ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കോളറ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മന്ത്രാലയം തള്ളിക്കളഞ്ഞു. എന്നാൽ, കോളറബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണ പദാർഥങ്ങളും ഒഴിവാക്കണമെന്നും നിർദേശിച്ചു.
രോഗം പടരുന്ന രാജ്യങ്ങളിലൊന്നിൽ നിന്ന് എത്തിയ പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ആരോഗ്യകേന്ദ്രത്തിൽ എത്തി ആവശ്യമായ ഉപദേശവും ചികിത്സയും സ്വീകരിക്കാനും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ആഗസ്റ്റിൽ സിറിയയിൽ കോളറ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞമാസം ലബനാനിലും രോഗം വ്യാപിക്കുകയുണ്ടായി.
ശ്രദ്ധിച്ചാൽ രോഗത്തെ തടയാം
കുവൈത്ത് സിറ്റി: വിബ്രിയോ കോളറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ജലജന്യ രോഗമാണ് കോളറ. മലിന വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് കോളറ സാധാരണയായി പടരുന്നത്. ഇത് കഠിനമായ വയറിളക്കത്തിനും നിർജലീകരണത്തിനും കാരണമാകും. ശരീരത്തില്‍ ഗ്ലൂക്കോസിന്റെയും മറ്റു ലവണങ്ങളുടെയും കുറവുമൂലം അപസ്മാരവും ഉണ്ടായേക്കാം.
ചികിത്സിച്ചില്ലെങ്കിൽ മരണകാരണമാകും.കോളറ രോഗിയെ പരിചരിക്കുന്ന വ്യക്തി മലമൂത്ര മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും രോഗപ്പകര്‍ച്ചയുണ്ടാക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് മിക്കവാറും 1-2 ദിവസത്തിനകം അസുഖമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.