സുഖമുള്ള ഓർമകളുടെ മഞ്ഞുകാലം
text_fieldsഓർമകൾ പഴയൊരു ക്രിസ്മസ് രാവിലേക്ക് മടങ്ങിപ്പോകുന്നു. കരോൾ സമ്പ്രദായം ആരുടെ കാലഘട്ടത്തിലാണ് ആരംഭിച്ചത് എന്നെനിക്ക് നിശ്ചയം പോരാ. എനിക്ക് ഓർമവെച്ച നാൾ മുതൽ കരോൾ ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് അമ്മയുടെ ഒക്കത്തിരുന്നും പിന്നെ അമ്മയുടെയും ചാച്ചന്റെയും പിന്നിലൊളിച്ചും നിന്ന് അപരിചിതരായ കരോൾ സംഘത്തേയും ക്രിസ്മസ് പാപ്പയേയും പേടിയോടെ നോക്കിനിന്നതുമൊക്കെ ഓർമയിലുണ്ട്.
ചുവന്ന മുഖവും വെളുത്തുനീണ്ട താടിയുമുള്ള ക്രിസ്മസ് പാപ്പയെ കുഞ്ഞുനാളിൽ എനിക്ക് ഭയമായിരുന്നു. വർഷങ്ങൾ പിന്നേയും കടന്നുപോയി കുറച്ചുകൂടി മുതിർന്നപ്പോൾ കരോൾ സംഘത്തിനൊപ്പം ഞാനും പോയിത്തുടങ്ങി. അപ്പോഴേക്കും ആദ്യകാലത്ത് എനിക്ക് ക്രിസ്മസ് പാപ്പയോടുണ്ടായിരുന്ന ഭയമെല്ലാം പതിയെ മാറിയിരുന്നു.
ആദ്യകാലത്ത് കരോളിന് പോയിരുന്നത് ഇന്നും ഓർമയിൽ നിൽക്കുന്നു. പ്ലസ്ടു പഠനത്തിന് ശേഷം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കരോൾ. തലമുതിർന്ന കാരണവന്മാർ മുതൽ കൊച്ചുകുട്ടികൾ വരെ ഞങ്ങളുടെ സംഘത്തിൽ ഉണ്ടാവും. വലിയ ചെണ്ടക്കൊട്ടിന്റെ അകമ്പടിയോടെ പെട്രോൾ മാക്സും തെളിച്ച് ഇടവഴികളും വയലുകളും താണ്ടി വീടുകളിൽ നിന്ന് വീടുകളിലേക്ക് തണുത്ത് വിറച്ച് നടന്നുനീങ്ങുന്നവർക്കൊപ്പം ക്രിസ്മസ് പാപ്പയും ഉണ്ടാവും. ചെറിയൊരു തളിക പാത്രത്തിൽ പട്ടുതുണി വിരിച്ച് ഉണ്ണിയെ അതിൽ കിടത്തി പൂക്കൾക്കൊണ്ട് അലങ്കരിച്ച് അതും വഹിച്ചാണ് വീടുകൾതോറും കയറിയിറങ്ങുക. ഉണ്ണീശോ വീട്ടിൽ വന്നതിന്റെ സന്തോഷം അറിയിക്കാൻ വീട്ടുകാർ ഓരോരുത്തരും ഉണ്ണിയെ വണങ്ങി നേർച്ചയും ഇടും.
കരോളിന്റെ തുടക്കത്തിലുള്ള ആവേശം രാത്രി കനക്കും തോറും കൂടി കൂടി വരും. കരോൾ കഴിയണമെങ്കിൽ നേരം വെളുക്കണം. നാട്ടിൻപുറം ആയതുകൊണ്ട് വീടുകൾ തമ്മിലുള്ള അകലവും ഒരുപാടുണ്ടായിരുന്നു. രാത്രി സഞ്ചാരം കൂടുന്നതോടെ തണുപ്പും ഉറക്കവും എല്ലാവരെയും വല്ലാതെ ബാധിച്ചിട്ടുണ്ടാകും.
എന്നാൽ അതൊന്നും കാര്യമാക്കാതെ യാത്ര തുടരും. പതിയെ ക്ഷീണമെല്ലാം ഞങ്ങളിൽ നിന്നും മാറിയിട്ടുണ്ടാകും. ഇന്ന് പ്രവാസ മണ്ണിലിരുന്ന് അതിനെപ്പറ്റിയൊക്കെ ഓർക്കുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കുളിര് കോരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.