ഒരുമയുടെ മഹത്ത്വം ഓർമിപ്പിക്കുന്ന കാലം...
text_fieldsക്രിസ്മസ് എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും മനസ്സിലേക്ക് കടന്നു വരുന്നത് പുൽക്കൂടും ഉണ്ണി യേശുവും ഒക്കെ ആകും. തിരുവല്ലയിൽ വള്ളംകുളം എന്ന കൊച്ചു ഗ്രാമത്തിൽ ഇടവക പള്ളിയായ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ആയിരുന്നു ഞങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾ.
നക്ഷത്ര രാവുകളിൽ കരോളിന് ഇറങ്ങിയിരുന്ന ഞങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ള കാര്യമായിരുന്നു കുരിശു വിളക്ക്. വലിയ കുരിശിന്റെ ഫ്രെയിമിൽ വർണക്കടലാസുകൾ ഒട്ടിച്ചു അതിനുള്ളിൽ മെഴുകുതിരികൾ കത്തിച്ചുെവച്ചു കരോളിന് കൊണ്ടുപോകും. ഈ വിളക്ക് നിർമാണം ഡിസംബർ മാസം ആദ്യം തന്നെ തുടങ്ങും. ഒരു ഒത്തൊരുമയുടെ സമയമായിരുന്നു അത്. കരോളിന് ആ കുരിശു വിളക്കിന് ചുറ്റും നിന്ന് പാട്ടുപാടിയാണ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. വീടിന് ചുറ്റുമുണ്ടായിരുന്ന എല്ലാവരും പ്രായഭേദമന്യേ ഇതിന് പിന്തുണയുമായി ഉണ്ടാകും. ഒടുവിൽ എല്ലാവരും ഒന്നിച്ച് പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ, പാടവരമ്പിലൂടെയും, കുന്നിൻമുകളിലൂടെയുള്ള യാത്രകളും, തണുത്ത രാത്രിയിൽ പള്ളിയിൽ പാതിരാ കുർബാനക്കുള്ള യാത്രയുമൊക്കെ ഇന്നും സന്തോഷം നൽകുന്ന ഓർമകളാണ്. ഇന്ന് അതിൽ പലരും മൺമറഞ്ഞു പോയി, ജീവിച്ചിരിക്കുന്നവർ പലരും പലയിടങ്ങളിലുമായി.
പഴയ ആ കൂട്ടായ്മയും സന്തോഷവും ഇന്ന് നാട്ടിൻ പുറങ്ങളിൽ നിന്നും നഷ്ടമായിട്ടുണ്ട്. ഇന്ന് യുവ തലമുറ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് ചേക്കേറുന്നു.
കൂട്ടായ്മ, ഒരുമ എന്ന വാക്കുകൾക്ക് മനുഷ്യജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. അത് ക്രിസ്മസ് ആണെങ്കിലും ഓണം ആണെങ്കിലും പെരുന്നാൾ ആണെങ്കിലും. എല്ലാവരുടെയും ഒരുമിച്ചുള്ള പ്രവർത്തനം ദൈവം സ്വീകരിക്കുന്നു. ആട്ടിടയന്മാർ ബേലെഹേമിൽ ഒരുമിച്ച് ഉണ്ണി യേശുവിനെ കണ്ട് വണങ്ങാൻ വന്നതുപോലെ നമുക്ക് ഏവർക്കും വർണ ശബളമായ ഈ ക്രിസ്മസിൽ ഒരുമിക്കാം. മനുഷ്യൻ ഒരുമിക്കട്ടെ, മനസ്സുകൾ ഒരുമിക്കട്ടെ, ദേശങ്ങൾ ഒരുമിക്കട്ടെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.