കത്തിലൂടെ ചോർന്നുപോയ ക്രിസ്മസ് ആഘോഷം
text_fieldsക്രിസ്മസ് ഓർമകളിൽ പഠന കാലത്തു നടന്ന ഒരു സംഭവം ഓർമകളിൽ തെളിഞ്ഞു വരുന്നു. കോളജ് പഠനകാലം. ഹോസ്റ്റലിലാണ് താമസം. ക്രിസ്മസ് അവധിക്ക് കോളജ് അടച്ച് എല്ലാവരും നാട്ടിൽ പോയെങ്കിലും ഞങ്ങൾ കുറച്ചു പേർ സ്റ്റഡി ലീവ് എന്നു പറഞ്ഞ് ഹോസ്റ്റലിൽത്തന്നെ നിന്നു.
പഠനം ഒന്നുമല്ല ലക്ഷ്യം. ഹോസ്റ്റലിൽ വെക്കേഷൻ സമയത്ത് അധ്യാപകരൊന്നും ഉണ്ടാകില്ല. സ്വസ്ഥമായി രാത്രി കറങ്ങാം. ക്രിസ്മസിന് ഇറങ്ങുന്ന പുതിയ സിനിമകൾ കാണാം എന്നിവയൊക്കെയാണ് താൽപര്യങ്ങൾ. ക്രിസ്മസിന്റെ അന്ന് ഹോസ്റ്റൽ മെസിന് അവധി കൊടുത്ത് ഹോട്ടലിൽ പോയി വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാം ഇതൊക്കെയാണ് ഉദ്ദേശം. ഒന്നു രണ്ടു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു. ക്രിസ്മസ് അടുക്കാറായി.
കൈയിലുള്ള പണമെല്ലാം അപ്പോഴേക്കും തീർന്നു പോയിരുന്നു. ക്രിസ്മസ് ആഘോഷത്തിന് ഇനി എന്തുചെയ്യും എന്നത് പേടിപ്പിക്കാൻ തുടങ്ങി. മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലമാണ്. അടുത്ത ബൂത്തിൽനിന്ന് വീട്ടിലേക്ക് ഫോൺ ചെയ്ത് കുറച്ചു പൈസ അയക്കാൻ പറഞ്ഞു. അന്ന് മണി ഓർഡർ വഴിയാണ് പണമയക്കുക. അതു കാത്തിരുന്നു ദിവസം പിന്നിട്ടു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോളജ് ലെറ്റർ ബോക്സിൽ വീട്ടിൽനിന്ന് എനിക്കുള്ള കത്ത് കിടപ്പുണ്ട് എന്നറിഞ്ഞു. ഞാൻ ആകാംക്ഷയോടെ പോയി കത്ത് പൊട്ടിച്ചു. പലപ്പോഴും കത്തിന്റെ കൂടെ പണം അയക്കാറുണ്ട്. എന്നാൽ, അന്ന് ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം വീട്ടുകാരോട് നീരസം തോന്നി. എന്നിട്ടും പിന്നെയും മണി ഓർഡറിന് വേണ്ടി കാത്തിരുന്നു. കാത്തിരിപ്പ് വിഫലം. മണി ഓർഡർ വന്നില്ല. കൈയിൽ ഒരു പണവും ഇല്ലാതെ ഹോസ്റ്റൽ മെസിലെ ഭക്ഷണവും കഴിച്ച് ക്രിസ്മസ് കടന്നു പോയി.
ആഗ്രഹങ്ങളെല്ലാം അതിനൊപ്പം കടന്നുപോയി.പിന്നീട് വീട്ടിൽ വിളിച്ചു പണം അയക്കാതിരുന്നത് എന്തേ എന്ന് അന്വേഷിച്ചപ്പോൾ ആണ് ട്വിസ്റ്റ് മനസ്സിലായത്. നേരത്തെ അയച്ച കത്തിന്റെ കൂടെ 200 രൂപ വെച്ചിട്ടുണ്ടായിരുന്നു. കോളജ് ലെറ്റർ ബോക്സിൽ വെച്ചോ മറ്റെവിടെയോ വെച്ചോ കത്ത് പൊളിച്ച് ആ തുക ആരോ അടിച്ചു മാറ്റിയതാണ്. കത്ത് പൊളിച്ചത് അറിയാത്ത രീതിയിൽ വിദഗ്ദമായി ആ വിദ്വാൻ അത് വീണ്ടും ഒട്ടിച്ചു വെച്ചതാണ്. കത്തിന്റെ അവസാന ഭാഗത്തു കൂടെ പണം ഉള്ള കാര്യവും എഴുതിയിരുന്നു. കത്ത് പൊട്ടിച്ച ആൾ വിദഗ്ധമായി ആ ഭാഗവും കീറി കളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.