സ്നേഹ സന്ദേശമുയർത്തി ക്രിസ്മസ് ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: സ്നേഹ സന്ദേശമുയർത്തി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് തലേന്ന് പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. തുടർന്ന് തിരുപ്പിറവിയുടെ സന്തോഷം പങ്കിട്ടും ആശംസ നേർന്നും മധുരം കൈമാറിയും വിശ്വാസികൾ സന്തോഷ ദിനത്തെ വരവേറ്റു.
കുവൈത്ത് മഹാ ഇടവക ആഘോഷം
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്മസ് ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ കൽക്കത്ത ഭദ്രാസനാധിപനും കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡന്റുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. സിറ്റി നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന തീജ്ജ്വാല ശുശ്രൂഷ ഉൾപ്പെടെയുള്ള ക്രിസ്മസ് ശുശ്രൂഷകൾക്ക് മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറക്കൽ, സഹവികാരി ഫാ.മാത്യൂ തോമസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
ആകർഷണീയമായി ‘ബത് ലഹേമിലേക്കുള്ള യാത്ര’
കുവൈത്ത് സിറ്റി: ക്രിസ്മസ് ഓർമ പുതുക്കി വിശ്വാസികൾ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് (എൻ.ഇ.സി.കെ) കോമ്പൗണ്ടിൽ ഒത്തുചേർന്നു. ‘ബത് ലഹേമിലേക്കുള്ള യാത്ര’ എന്ന പേരിൽ അണിയിച്ചൊരുക്കിയ പുൽക്കൂടും ക്രിസ്മസ് ട്രീയും പാപ്പായും ആളുകളെ ആകർഷിച്ചു.
ഇന്ത്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, മലങ്കര മാർത്തോമ, യാക്കോബായ, ക്നാനായ, സി.എസ്.ഐ, സൈന്റ് തോമസ്, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തുടങ്ങി മലയാളി സഭകൾ ഉൾപ്പെടെ വ്യത്യസ്ത സഭകളുടെ ക്രിസ്മസ് ആരാധനക്ക് എൻ.ഇ.സി.കെ വേദിയായി.
റവ. അലക്സിയോസ് മാർ ഈസോബിയോസ്, റവ. ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങൾക്ക് നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ചെയർമാൻ റവ. ഇമ്മാനുവൽ ബെന്യാമിൻ ഗരിബ്, സെക്രട്ടറി റോയ് കെ. യോഹന്നാൻ, സജു വാഴയിൽ തോമസ്, അജോഷ് മാത്യു, ഷിജോ പുല്ലമ്പള്ളി, റെജു ഡാനിയേൽ വെട്ടിയാർ എന്നിവർ നേതൃത്വം നൽകി.
ഭക്തിസാന്ദ്രമായി തിരുപ്പിറവി
കുവൈത്ത് സിറ്റി: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി മലങ്കര റൈറ്റ് മൂവ്മെന്റ് ഭക്തി സാന്ദ്രമായി ക്രിസ്മസ് ആഘോഷിച്ചു. സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ ക്രിസ്മസ് ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടന്നു. കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ക്രിസ്മസ് ഗാനസന്ധ്യ ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ സംയുക്ത കൂട്ടായ്മ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന `ദി ഡിവൈൻ സ്റ്റാർ' ക്രിസ്മസ് ഗാനസന്ധ്യ വെള്ളിയാഴ്ച വൈകീട്ട് 6.30ന് എൻ.ഇ.സി.കെ പള്ളിയിൽ നടക്കും.
ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, ഇവാഞ്ചലിക്കൽ, ക്നാനായ, സി.എസ്.ഐ സഭകളിൽ നിന്നും പതിനേഴ് പള്ളികളിൽ നിന്നും ഗായകസംഘങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കും.
കെ.ഇ.സി.എഫ് പ്രസിഡന്റ് റവ. സിബി പി.ജെയുടെ അധ്യക്ഷത വഹിക്കും.
അലക്സിയോസ് മാർ യൗസെബിയോസ് ഉദ്ഘാടനം ചെയ്യും. യാക്കൂബ് മാർ ഐറേനിയോസ് ക്രിസ്മസ് സന്ദേശം നൽകും. കൺവീനർ ബിനു എബ്രഹാം, കോഓഡിനേറ്റർ കുരുവിള ചെറിയാൻ, സെക്രട്ടറി ബാബു കെ.തോമസ്, ട്രഷറർ ജിബു ജേക്കബ് വർഗീസ്, ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾ ഏകോപിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.