മനോഹരമായ ഒരു കുട്ടിക്കാലത്തിന്റെ ഓർമ
text_fieldsക്രിസ്മസ് എപ്പോഴും ഓർമകളുടെ പൂക്കാലമാണ്. കുട്ടിക്കാലത്തേക്കും നാട്ടിൻപുറത്തേക്കും നമ്മൾ മടങ്ങിേപ്പാകുന്ന കാലം. കുട്ടികളായ ഞങ്ങൾ ക്രിസ്മസിന്റെ വരവ് അറിയുന്നത് നിറയുന്ന അലങ്കാരങ്ങൾ കണ്ടാകും. സാന്തക്ലോസ്സ് മുഖം മൂടികളും പല വർണങ്ങളുള്ള നക്ഷത്രങ്ങളും ആശംസ കാർഡുകളും നേരത്തെ അവിടെ എത്തിയിട്ടുണ്ടാകും.
പരീക്ഷ കഴിഞ്ഞ് ക്രിസ്മസ് അടുക്കുന്നതോടെ ക്രിസ്മമസ് ട്രീ ഒരുക്കാനുള്ള തിരക്കാകും. പല നിറത്തിലുള്ള ബൾബുകൾ, വർണ കടലാസുകൾ തുടങ്ങി കഴിഞ്ഞ വർഷത്തെ അലങ്കാര വസ്തുക്കൾ സൂക്ഷിച്ചു വെച്ചത് വീണ്ടും എടുക്കും. പുതിയ നക്ഷത്രം വാങ്ങാൻ നിർബന്ധം പിടിച്ചു പിതാവിനെ കൊണ്ട് വാങ്ങിപ്പിക്കും. വലിയ പരിക്കുകൾ ഇല്ലെങ്കിൽ പഴയ നക്ഷത്രവും അതിനൊപ്പം സ്ഥാനം പിടിക്കും. ക്രിസ്മമസ് ആശംസകളുടെ കാലം കൂടിയായിരുന്നു. അന്ന് ധാരാളം ആശംസ കാർഡുകൾ വന്നിരുന്നു. ആശംസകൾ കൈപ്പടയിൽ എഴുതിയതും പ്രിന്റ് ചെയ്തതുമൊക്കെ ലഭിക്കുന്നത് വലിയ അനുഭൂതിയായിരുന്നു. പിതാവും ഞാനും കൂടി ബന്ധുക്കൾക്കും സ്നേഹിതർക്കും കാർഡുകൾ തപാലിൽ അയച്ചു കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു. ഇന്ന് ഡിജിറ്റൽ യുഗത്തിലേക്ക് മാറിയപ്പോൾ ഇവയെല്ലാം ഓർമയായി.
ക്രിസ്മസ് കേക്കായിരുന്നു മറ്റൊരു ആകർഷണം. പല തരത്തിലുള്ള കേക്കുകൾ ബേക്കറിയിൽ നിറയും. ബേക്കറിയിൽ നിന്ന് ഉയർന്നിരുന്ന പ്ലം കേക്കിന്റെ കൊതിപിടിപ്പിക്കുന്ന മണം ഇപ്പോഴും ഉള്ളിലുണ്ട്. എല്ലാ ക്രിസ്മസിനും കേക്ക് വീട്ടിൽ വാങ്ങിക്കുക പതിവുണ്ടായിരുന്നു.
പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ പാട്ടുകൾ പാടി കരോൾ സംഘങ്ങൾ അടൂരിലെ മടക്കാലയിലെ വീടുകളിലേക്ക് എത്തുന്നതും അന്നാണ്. നിര നിരയായിട്ടായിരുന്നു അന്ന് വീടുകൾ. വീടുകൾക്കിടയിൽ മതിലുകളില്ലാത്ത കാലം. ഒരു വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്കു പോകാൻ വളരെ എളുപ്പം.
ഒരു മതത്തിന്റെ ആഘോഷം മാത്രമായിരുന്നില്ല ക്രിസ്മമസ്. എല്ലാ വീടുകളും ക്രിസ്മമസ് കരോൾ സംഘങ്ങളെ കാത്തിരുന്നു. അതിൽ എല്ലാ മത വിശ്വാസികളുമുണ്ടായിരുന്നു.
ചിലപ്പോഴക്കെ ഏതെങ്കിലും ഒരു വീട്ടിൽ പാടാൻ കഴിയാതെ വന്നാൽ പരിഭവിക്കുന്ന നിഷ്കളങ്ക മനുഷ്യർ ഉണ്ടായിരുന്ന ഒരു കാലം. എല്ലാ ആഘോഷങ്ങളും ഇത്തരത്തിലായിരിന്നു. ക്രിസ്മമസ് ദിനത്തിൽ വീട്ടിൽ ഉണ്ടാക്കുന്ന അപ്പവും ഇറച്ചിക്കറിയും അടുത്തുള്ള വീടുകളിൽ എത്തിച്ചിരുന്നതും കുട്ടിയായ ഞാനായിരുന്നു. അന്നത്തെ രുചികളും കുട്ടിക്കാലവും എത്രയോ സ്നേഹമേറിയതായിരുന്നെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.