സഹൽ ആപ്ലിക്കേഷനിൽ സിവിൽ ഐഡി പുതുക്കൽ എളുപ്പമാക്കി
text_fieldsകുവൈത്ത് സിറ്റി: സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾക്കുള്ള ഏകജാലകസംവിധാനമായ സഹൽ ആപ്ലിക്കേഷനിൽ കുടുംബാംഗങ്ങളുടെ സിവിൽ ഐഡി പുതുക്കൽ എളുപ്പമാക്കി. ആപ്പിന്റെ പുതിയ അപ്ഡേഷനിലാണ് കുടുംബനാഥന് കുട്ടികളുടെയും തങ്ങളുടെ സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെയും സിവിൽ ഐഡി പുതുക്കൽ സേവനം വേഗത്തിലും ലളിതമായും സാധ്യമാക്കിയത്. സാഹിൽ വക്താവ് യൂസുഫ് കാസിം ആണ് ഇക്കാര്യം അറിയിച്ചത്. ആപ്പ് തുറന്നാൽ കാണുന്ന ഡ്രോപ് ഡൗൺ ലിസ്റ്റ് വഴി തങ്ങളുടെ കീഴിലുള്ളവരുടെ സിവിൽ ഐഡി കാർഡ് പുതുക്കാൻ സൗകര്യമൊരുക്കുകയായിരുന്നു.
രാജ്യത്ത് സ്ഥിരതാമസക്കാരായ വിദേശികൾക്ക് ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ സിവിൽ ഐഡി വകുപ്പുമായി ലിങ്ക് ചെയ്യാൻ സഹൽ ആപ്പ് വഴി സാധിക്കും. ഫോൺ നമ്പർ മാറുമ്പോൾ അപ്ഡേറ്റ് ചെയ്യാനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്. സിവിൽ ഐഡി നഷ്ടപ്പെട്ടാൽ സാഹിൽ ആപ് വഴി പുതിയതിന് അപേക്ഷിക്കാം. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളുടെ ഫോട്ടോ ചേർക്കാനും കഴിയും.
കുവൈത്തിൽ സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാനാണ് 'സഹൽ' എന്ന പേരിൽ ഓൺലൈൻ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. പേപ്പർ അധിഷ്ഠിത ഇടപാടുകൾ പൂർണമായി അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. 13 സർക്കാർ ഏജൻസികളുടെ 121 സേവനങ്ങൾ ഇതുവരെ ഇലക്ട്രോണിക് വഴിയാക്കി. ഭാവിയിൽ കൂടുതൽ മേഖലകളിൽ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.