കാലാവസ്ഥ വ്യതിയാനം: ആശങ്കകൾ പങ്കുവെച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കാലാവസ്ഥ വ്യതിയാന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരങ്ങൾ കണ്ടെത്തുന്നതിലും വിവിധ തലങ്ങളിൽ സഹകരണം പ്രഖ്യാപിച്ച് കുവൈത്ത്. അന്താരാഷ്ട്ര ദുരന്തനിവാരണ ദിനത്തിൽ കുവൈത്തിലെ യു.എൻ ഓഫിസ് നടത്തിയ പ്രഭാഷണത്തിലാണ് കുവൈത്ത് അഭിപ്രായങ്ങൾ പങ്കുവെച്ചത്. യു.എന്നിലെ കുവൈത്ത് പ്രതിനിധി ഡോ. താരീഖ് അൽശൈഖ്, അന്താരാഷ്‌ട്രകാര്യ സഹ വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് അൽ ജാറുല്ല, കെ.എഫ്.എഫ് മേധാവി ഖാലിദ് അൽ മെക്രാദ്, കുവൈത്ത് സൊസൈറ്റി ഫോർ എൻവയൺമെന്റൽ പ്രൊട്ടക്ഷൻ മേധാവി ഡോ. വെജ്ദാൻ അൽ ഉഖാബ് എന്നിവർ കുവൈത്തിനെ പ്രതിനിധാനംചെയ്തു.
കാലാവസ്ഥ വ്യതിയാനം കുറക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതായും പ്രത്യാഘാതങ്ങളെ കുറിച്ച അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക പങ്കിടുന്നതായും കുവൈത്ത് അറിയിച്ചു. 90 ശതമാനം പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി അബ്ദുൽ അസീസ് അൽ ജാറുല്ല ചൂണ്ടിക്കാട്ടി.
നവംബറിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട യു.എൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്ത് കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങൾ അനുഭവിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനും ഉറപ്പാക്കാനും ഈ സമ്മേളനങ്ങൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും മനുഷ്യന്റെ ഇടപെടലും കാരണം ദുരന്തങ്ങൾ സംഭവിക്കുമെന്നതിനാൽ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ശ്രമങ്ങൾ വേണമെന്ന് ഡോ. താരീഖ് അൽശൈഖ് ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.