കുവൈത്തിന് പൊള്ളുന്നു: ഇന്നലെ രേഖപ്പെടുത്തിയത് 49 ഡിഗ്രി ചൂട്
text_fieldsകുവൈത്ത് സിറ്റി: ശക്തമായ ചൂടിൽ രാജ്യം ചുട്ടുപൊള്ളുന്നു. ഈ വർഷത്തെ ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെട്ട ചൊവ്വാഴ്ച കൂടിയ താപനില 49 ഡിഗ്രിയും കുറഞ്ഞത് 34 ഡിഗ്രിയുമാണ്. വരുംദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി വർധിക്കുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. വടക്ക്-പടിഞ്ഞാറൻ കാറ്റടിച്ചുവീശിയത് ചിലേടങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും ഇടയാക്കി.
മണിക്കൂറിൽ 20-45 ഡിഗ്രിയിൽ വടക്ക് -പടിഞ്ഞാറൻ കാറ്റടിക്കുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു. പകൽ പത്തിനും നാലിനും ഇടക്ക് സൂര്യാതപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും നിർദേശമുണ്ട്. കഠിനമായ ചൂടിനൊപ്പം റുതൂബയും അനുഭവപ്പെടുന്നതിനാൽ പെെട്ടന്ന് അസ്വസ്ഥമാവുകയാണ് ജനം. പുറംജോലിക്കാർക്ക് അതികഠിനമാണ് വേനൽ. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് അൽപം ആശ്വാസമാണ്.
ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻ അധികൃതർ നിരീക്ഷണം തുടരുന്നുണ്ട്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലിചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.