കമ്പനി ലൈസൻസ് പുതുക്കൽ ഒാൺലൈൻ വഴിയാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കമ്പനികളുടെ ലൈസൻസ് പുതുക്കൽ വൈകാതെ ഒാൺലൈൻ വഴിയാവും. വാണിജ്യ വ്യവസായ മന്ത്രാലയം ഇതിനുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ചുവരുകയാണ്. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഏതാനും മാസങ്ങൾക്കകം നടപടിക്രമങ്ങൾ പൂർത്തിയാവുമെന്നാണ് റിപ്പോർട്ട്. ജോയൻറ് കമ്പനികൾ, നോൺ പ്രോഫിറ്റ് കമ്പനികൾ എന്നിവയുടെ ലൈസൻസാണ് ആദ്യഘട്ടത്തിൽ വെബ് വഴി പുതുക്കാൻ കഴിയുക. ഒരിക്കൽ സിസ്റ്റത്തിൽ രേഖപ്പെട്ടുകഴിഞ്ഞാൽ പുതുക്കൽ എളുപ്പമാക്കുന്നതാണ് പുതിയ നടപടി. ഓൺലൈൻ സംവിധാനം നടപ്പാക്കുന്നതോടെ സമയലാഭവും ഓഫിസുകളിലെ അനാവശ്യ തിരക്കും ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, അത്യാവശ്യ രേഖകൾ വല്ലതും ഹാജരാക്കേണ്ടിവന്നാൽ ഓഫിസിൽ നേരിട്ട് ഹാജറാകണം. മറ്റു കമ്പനികളുടേതും ക്രമേണ ഒാൺലൈനിലേക്ക് മാറും. ഓൺലൈൻ വഴി ഫീസും മറ്റും അടക്കുന്നതിന് കെ-നെറ്റ് വഴിയാണ് സംവിധാനം ഒരുക്കുന്നത്.
ഇ-ഗവേണൻസിലേക്ക് മാറാൻ കുവൈത്ത് അതിവേഗം നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇ-ഗവേണിങ് സംവിധാനങ്ങൾ നടപ്പാക്കിയ ലോകത്തെ 193 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് 49ാം സ്ഥാനത്തുള്ളത്. രാജ്യത്തെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെൻറുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഇ-ഗവേണിങ് സ്മാർട്ട് സിസ്റ്റം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം.
അതോടെ ഇക്കാര്യത്തിൽ ലോക തലത്തിൽ കുവൈത്തിെൻറ സ്ഥാനം ഇനിയും മുന്നോട്ട് കുതിക്കുമെന്നാണ് കണക്കുകൂട്ടൽ. വിവിധ മേഖലകളിൽ ഇ-ഗവേണിങ് സ്മാർട്ട് സിസ്റ്റം നടപ്പാക്കിയതോടെ രാജ്യത്ത് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറക്കാൻ സാധിച്ചിട്ടുണ്ടെന്നതിന് പുറമെ ഇടപാടുകാർക്ക് കാര്യങ്ങൾ സുഖമമായും വേഗത്തിലും പൂർത്തിയാക്കാൻ പറ്റുന്ന സാഹചര്യമാണുള്ളത്. ഇടപാടുകൾക്കായി ദിവസങ്ങളോളം സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യത്തിൽ മാറ്റം വരുത്താൻ ഇ-ഗവേർണൻസ് വഴി കഴിയുന്നുണ്ട്. ബിസിനസ് നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന തരത്തിൽ നിയമഭേദഗതികളും പുതിയ നിയമ നിർമാണങ്ങളും മന്ത്രാലയത്തിെൻറ പരിഗണനയിലുണ്ട്. രാജ്യനിവാസികളെ പൊതുവിലും സ്വദേശികളെ പ്രത്യേകിച്ചും സംരംഭകത്വത്തിലേക്ക് ആകർഷിക്കാൻ സർക്കാർ ശ്രമിച്ചുവരുകയാണ്. ഇതിെൻറ ഭാഗമായാണ് നടപടിക്രമങ്ങളുടെ ലഘൂകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.