മുബാറക് അൽ കബീർ തുറമുഖം പൂർത്തീകരണം; കുവൈത്ത്- ചൈനീസ് മന്ത്രിമാർ ചർച്ചചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തൽ മുബാറക് അൽ കബീർ തുറമുഖ പദ്ധതിയുടെ പൂർത്തീകരണം ത്വരിതപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ ചൈനയുടെ ഗതാഗത മന്ത്രി ലി സിയാവോ പെങ്ങുമായി ചർച്ചനടത്തി.
രാജ്യത്തിന്റെ വളർച്ചക്ക് വലിയ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന വികസന കരാറുകൾ വേഗത്തിലാക്കാനുള്ള കുവൈത്തിന്റെ നേതൃത്വത്തിന്റെ താൽപര്യം അൽ മഷാൻ വ്യക്തമാക്കി. ചൈനയുമായി ഏഴ് സഹകരണ ഇടപാടുകൾ നിലവിലുണ്ട്.
ഈ കരാറുകളിൽ മുബാറക് അൽ തുറമുഖപദ്ധതി പ്രധാനമാണ്. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി നിർമാണം, തുറമുഖ മാനേജ്മെന്റ്, നടത്തിപ്പ് എന്നിവയിൽ ചൈനയുടെ വൈദഗ്ധ്യവും സൂചിപ്പിച്ചു. ചർച്ചകളിൽ സംതൃപ്തി പ്രകടിപ്പിച്ച അൽ മഷാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി.
ബീജിങ്ങിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് ഉന്നതതല പ്രതിനിധി സംഘവും ചൈന ഗതാഗത മന്ത്രാലയത്തിലെ (എം.ഒ.ടി) ഇന്റർനാഷനൽ കോഓപറേഷൻ ഡയറക്ടർ സെൻ യാങ്കിങ്ങും പങ്കെടുത്തു. കുവൈത്തും ചൈനയും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ ബന്ധങ്ങൾ ഇരുപക്ഷവും എടുത്തുകാണിച്ചു.
തുറമുഖ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ചൈനീസ് കമ്പനിയിൽ കുവൈത്ത് പ്രതിനിധിസംഘം സന്ദർശിച്ചു. കുവൈത്തിലെ തുറമുഖവും മറ്റ് പ്രധാന പദ്ധതികളും പൂർത്തിയാക്കുന്നത് ചർച്ച ചെയ്യാൻ അൽ മഷാൻ ചൈന കമ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനി ചെയർമാൻ വാങ് ടോങ്ഷോയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ചൈനയിലെ നാഷനൽ മ്യൂസിയവും സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.