ശൈഖ് നവാഫിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കൂടുതൽ പേർ കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ കൂടുതൽ രാഷ്ട്രത്തലവൻമാരും പ്രതിനിധികളും കുവൈത്തിലെത്തി.
അമീര് ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, ശൈഖ് സബാഹ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, മറ്റു സഹാബ് കുടുംബാംഗങ്ങൾ എന്നിവരെ അനുശോചനം അറിയിച്ചു.
വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ പാകിസ്താൻ പ്രധാനമന്ത്രി അൻവർ ഉൽ ഹഖ് കക്കറും പ്രതിനിധി സംഘവും കുവൈത്തിൽ എത്തി. അൽജീരിയൻ പ്രസിഡന്റ് അബ്ദുൽ മദ്ജിദ് ടെബൗണിന്റെയും പ്രധാനമന്ത്രി നാദിർ ലാർബൗയിയുടെയും പ്രതിനിധി സംഘവും അനുശോചനം അറിയിക്കാനെത്തി. മൊറോക്കോ നേതൃതലങ്ങളിലുള്ളവരും കഴിഞ്ഞദിവസം നേരിട്ട് അനുശോചനം അറിയിക്കാനെത്തി.
സ്പെയിനിലെ രാജാവ് ഫിലിപ്പെ ആറാമനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും കുവൈത്തിൽ സ്വീകരിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിക്കാൻ വെയിൽസ് രാജകുമാരൻ വില്യമും വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണും പ്രതിനിധി സംഘവും കുവൈത്തിൽ എത്തി.
സൊമാലിയൻ പ്രസിഡന്റ് ഹസൻ ശൈഖ് മഹ്മൂദും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും അനുശോചനം അറിയിക്കാനെത്തി. ജപ്പാൻ പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതൻ ഡോ.മോറി ഐസുക്കും അനുശോചനം അറിയിച്ചു.
കാനഡ കിങ്സ് പ്രിവി കൗൺസിലിന്റെ പ്രസിഡന്റും അടിയന്തര തയാറെടുപ്പ് മന്ത്രിയും കാനഡയിലെ പസഫിക് സാമ്പത്തിക വികസന ഏജൻസിയുടെ ചുമതലയുള്ള മന്ത്രിയുമായ ഹർജിത് എസ്. സജ്ജൻ, കൊറിയൻ സർക്കാർ പ്രതിനിധി, മോറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഔൾദ് ചെയ്ഖ് ഘസൂവാനി, ഇറ്റാലിയൻ വിദേശകാര്യ ഉപമന്ത്രി എഡ്മണ്ടോ സിറിയേലി, കുർദിസ്താൻ പ്രധാനമന്ത്രി മസ്റൂർ ബർസാനി തുടങ്ങിയവരും മറ്റു നിരവധി രാജ്യങ്ങളുടെ പ്രതിനിധികളും കുവൈത്തിലെത്തി നേരിട്ട് അനുശോചനം അറിയിച്ചു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും ജി.സി.സി അണ്ടർ സെക്രട്ടറിമാരും അമീറിനെ അനുശോചനം അറിയിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.