വിദേശികളുടെ മെഡിക്കൽ സെന്ററിൽ തിരക്ക്
text_fieldsകുവൈത്ത് സിറ്റി: വിസ നടപടികളുടെ ഭാഗമായി വിദേശികളുടെ ആരോഗ്യ പരിശോധന നടത്തുന്ന ശുവൈഖിലെ വിദേശികളുടെ മെഡിക്കൽ സെന്ററിൽ തിരക്ക് തുടരുന്നു. ആരോഗ്യ മന്ത്രാലയം കേന്ദ്രത്തിന്റെ പ്രവർത്തന സമയം വർധിപ്പിച്ചിട്ടും തിരക്കിന് പരിഹാരമായില്ല.
കനത്ത ചൂടിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കോവിഡിന് മുമ്പ് പ്രതിദിനം 1600 പേർ എത്തിയിരുന്നത് ഇപ്പോൾ 3000ത്തിന് മേലെയാണ്.
ഗാർഹികത്തൊഴിലാളികൾക്ക് രാവിലെ 7.30 മുതൽ ഉച്ചക്ക് ഒന്നുവരെയും മറ്റു തൊഴിലാളികൾക്ക് ഉച്ചക്ക് ഒന്നുമുതൽ രാത്രി എട്ടുവരെയുമായി സന്ദർശന സമയം പരിഷ്കരിച്ചിട്ടുണ്ട്.
നേരത്തെ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ച് വരെയുമായിരുന്നു ഷിഫ്റ്റ്.
അൽപം ആശ്വാസമായത് ഒഴിച്ചാൽ പ്രശ്ന പരിഹാരത്തിന് ഇത് പര്യാപ്തമല്ല. മറ്റു കേന്ദ്രങ്ങളിൽ കൂടി മെഡിക്കൽ എടുക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ജനങ്ങൾ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെയും വരുന്നതും അപ്പോയിന്റ്മെന്റ് സമയം പാലിക്കാത്തതും തിരക്കിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. തിരക്ക് ഒഴിവാക്കുന്നതിനായി, സന്ദർശകരോട് അവരുടെ മുൻകൂർ റിസർവേഷൻ അനുസരിച്ച് നിശ്ചിത സമയത്തു തന്നെ പരിശോധനക്കെത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിദേശ തൊഴിലാളികൾ മെഡിക്കൽ ടെസ്റ്റ് എടുക്കുന്ന കേന്ദ്രങ്ങളിലെ രൂക്ഷമായ തിരക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയും ഏറെ ചർച്ചയായിരുന്നു. തുടർന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം കേന്ദ്രം സന്ദർശിച്ചു. മറ്റു കേന്ദ്രങ്ങളിൽ കൂടി വിദേശികൾക്ക് മെഡിക്കൽ എടുക്കാൻ സൗകര്യം ഏർപ്പെടുത്തിയുള്ള പരിഹാര നടപടികൾക്കാണ് പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.