പുതിയ പ്രസവ ആശുപത്രി നിർമാണം 65 ശതമാനം പൂർത്തിയായി
text_fieldsകുവൈത്ത് സിറ്റി: കാപിറ്റൽ ഗവർണറേറ്റിലെ സബാഹ് ആരോഗ്യ മേഖലയിലെ പ്രസവ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങള്‍ 65 ശതമാനം പൂർത്തിയായി. 789 കിടക്കകൾ, 460 പേഷ്യന്റ് റൂമുകൾ, മാസം തികയാതെയുള്ള ശിശുക്കൾക്കായി 198 തീവ്രപരിചരണ യൂനിറ്റുകൾ, 27 ഓപറേഷൻ തിയറ്ററുകൾ, 58 ഡെലിവറി റൂമുകൾ, 74 ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി.
1300 വാഹനങ്ങൾക്ക് നിർത്തിയിടാൻ കഴിയുന്ന പാർക്കിങ് സൗകര്യമുണ്ടാകും.
ലോകോത്തര നിലവാരം പുലര്‍ത്തുന്ന മെഡിക്കല്‍ ഉപകരണങ്ങളും സൗകര്യങ്ങളും സാങ്കേതിക വിദ്യകളും ഉൾക്കൊള്ളിക്കുന്ന പദ്ധതി ഇത്തരത്തിൽ ലോകത്തിലെ തന്നെ മികച്ച ആശുപത്രി പദ്ധതികളിലൊന്നാവും. 'വിഷൻ 2035' പദ്ധതിയിലെ പ്രധാന ആരോഗ്യ വികസന പദ്ധതികളിലൊന്നാണിത്.
കെട്ടിട രൂപകൽപനക്ക് ലോകത്തിലെ പ്രശസ്തരായ ഡിസൈനർമാരും എൻജിനീയര്‍മാരുമാണ് നേതൃത്വം നൽകിയത്. 59,781 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് പുതിയ പ്രസവ ആശുപത്രി പദ്ധതി. ഇതില്‍ അഡ്മിനിസ്ട്രേറ്റിവ് കെട്ടിടവും ലെക്ചര്‍ ഹാളും വിശാല പാര്‍ക്കിങ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 നിലകളുള്ളതാണ് പ്രധാന കെട്ടിടം.
817 ദശലക്ഷം ഡോളർ ചെലവ് കണക്കാക്കി 2017 ജനുവരിയിലാണ് പണി ആരംഭിച്ചത്. 2021 ജൂൺ മാസത്തോടെ നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. കോവിഡും മറ്റു കാരണങ്ങളും പദ്ധതി വൈകിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.