ആർട്ടിക്ക്ൾ 18 വിസക്കാർക്ക് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: ആർട്ടിക്ക്ൾ 18 റെസിഡൻസിയുള്ള പ്രവാസികൾക്ക് കമ്പനികളില്‍ പങ്കാളിയാകുന്നതിനുള്ള നിയന്ത്രണം തുടരുന്നതായി റിപ്പോർട്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ ഇതുസംബന്ധിച്ച വാർത്തകൾക്കു പിറകെ തീരുമാനം പിന്‍വലിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. ആർട്ടിക്ക്ൾ 18 റസിഡൻസിയിലുള്ള പ്രവാസികളെ പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിൽനിന്ന് വിലക്കുന്നതിലുള്ള നിലപാട് വാണിജ്യ വ്യവസായ മന്ത്രാലയം ശക്തമാക്കിയതായാണ് പുതിയ റിപ്പോർട്ട്.
ഇതുപ്രകാരം പ്രവാസികൾക്ക് കമ്പനികൾ സ്ഥാപിക്കാനോ ലിമിറ്റഡ് ലയബിലിറ്റി കമ്പനികളിൽ പങ്കാളികളോ മാനേജിങ് പങ്കാളികളോ ആകാനോ കഴിയില്ല.
എന്നാല്‍ ആർട്ടിക്ക്ൾ 18 വിസയുള്ള ഷെയർഹോൾഡർമാര്‍ക്ക് നിലവിലുള്ള കമ്പനികൾ മാറ്റങ്ങളില്ലാതെ പ്രവർത്തനം തുടരാം. ഒരേ സമയം കമ്പനി ഉടമകളും തൊഴിലാളികളുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. രാജ്യത്തെ ആയിരക്കണക്കിന് കമ്പനികളില്‍ വിദേശികൾ പാർട്ണർമാരോ പങ്കാളികളോ ആയി ജോലി ചെയ്യുന്നുണ്ട്.
റിപ്പോർട്ട് പ്രകാരം ആർട്ടിക്ക്ൾ 18 റെസിഡൻസി കൈവശമുള്ള ഏകദേശം 9,600 സ്വകാര്യ മേഖലയിലെ ജീവനക്കാർ വിവിധ കമ്പനികളിൽ പങ്കാളികളോ മാനേജിങ് പങ്കാളികളോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.