ഇനി തണുപ്പാർന്ന പകലിരവുകൾ...
text_fieldsകുവൈത്ത് സിറ്റി: അകവും പുറവും പൊള്ളിച്ച ചൂടുകാലത്തിന് വിട. രാജ്യം ഇനി തണുപ്പിന്റെ കുപ്പായമണിയും. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ചാറ്റൽ മഴയോടെ രാജ്യത്ത് താപനില കുത്തനെ താഴുകയും തണുപ്പ് പടർന്നുതുടങ്ങുകയും ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽ മിതമായ താപനില ആയിരുന്നെങ്കിലും രാത്രി തണുപ്പാർന്നതായിരുന്നു. വെള്ളിയാഴ്ച ഉയർന്ന താപനില 19 സെൽഷ്യസിന് മുകളിൽ പോയില്ല. രാത്രി ഇത് വളരെ കുറഞ്ഞു. തണുപ്പ് എത്തിയതോടെ ജനം പ്രതിരോധ വസ്ത്രങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള മൂന്ന് മാസം ഇവയില്ലാതെ പുറത്തിറങ്ങാൻ കഴിയില്ല. വരും ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം കൂടും. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുക. തണുപ്പിനൊപ്പം മഞ്ഞും ശക്തമായ കാറ്റിന്റെ സാന്നിധ്യവും ഉണ്ടാകും.
മൂടൽമഞ്ഞ് പരക്കുന്നതിനാൽ ദൃശ്യപരതയും കുറയും. വാഹന ഗതാഗതത്തെയും വിമാന സർവിസുകളെയും ഇത് ബാധിക്കാറുണ്ട്.
കട്ടിയുള്ള പ്രതിരോധ വസ്ത്രങ്ങള്‍ ധരിച്ചിട്ടുപോലും തണുപ്പിൽനിന്ന് രക്ഷപ്പെടാൻ കഴിയാത്തതരത്തിലാകും കാലാവസ്ഥ.
ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മേൽക്കുപ്പായത്തിനൊപ്പം ഷൂസും തൊപ്പിയും മഫ്ളറും കൈയുറകളുംവരെ ധരിച്ചാണ് പലരും പുറത്തിറങ്ങുക. തണുപ്പിനൊപ്പം വീശിയടിക്കുന്ന കാറ്റിൽനിന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്. സീസൺ ആയതോടെ ഇത്തരം ഇനങ്ങൾക്ക് വിൽപനശാലയിൽ ആവശ്യക്കാർ ഏറി.
ഈ വർഷം ജനുവരിയിൽ അതിശൈത്യമാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും അന്തരീക്ഷ ഉഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. മരുപ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി സെല്‍ഷ്യസിൽ താഴെയുമെത്തി. കഴിഞ്ഞവർഷം തണുപ്പ് മാർച്ച് അവസാനംവരെ നീണ്ടിരുന്നു. ശൈത്യകാലം കണക്കിലെടുത്ത് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ആസ്ത്മ രോഗികൾ പോലുള്ളവർ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. വായുസഞ്ചാരം കുറഞ്ഞ മുറികളിലും തമ്പുകളിലും തണുപ്പകറ്റാൻ കരി കത്തിക്കുന്നത് ഒഴിവാക്കണം.
കരിയിൽനിന്നുള്ള പുക ശ്വസിച്ച് മരണങ്ങൾ മുൻവർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. മൂടല്‍മഞ്ഞും മഴയുംമൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധ പുലർത്തണം. അടിയന്തരസാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.