കോവിഡ്: കുവൈത്തില്‍ 10 പേർക്ക്കൂടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 10 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 56 ആയി. ആദ്യ മൂന്ന് ദിവസം 43 പേരിൽ രോഗം കണ്ടെത്തിയപ്പോൾ അടുത്ത ദിവസം രണ്ടാൾക്കുകൂടി സ്ഥിരീകരിച്ചു. ശനിയാഴ്ച ആർക്കും കണ്ടെത്തിയില്ല. ഞായറാഴ്ച ഒരുകേസുകൂടി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച 10 പേർക്കുകൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇറാനിൽനിന്ന് തിരിച്ചെത്തിച്ച് ക്യാമ്പിൽ പാർപ്പിച്ചവർതന്നെയാണ് മുഴുവൻ പേരും. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം.
ഇവരെ ഖൈറാനിലെ റിസോർട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. ക്യാമ്പിന് പുറത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. റിസോർട്ടിന് പുറത്തുള്ള ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് രാജ്യം. അതിനിടെ ഇറാനിൽനിന്ന് കൊണ്ടുവന്ന് ഖൈറാന്‍ റിസോട്ടില്‍ പാര്പ്പിച്ചവര്ക്കുസേവനം നല്‍കാനായി എട്ട് കാറുകള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
റിസോർട്ടിനകത്ത് ഉപയോഗിക്കുന്നതിനാണ് കാറുകൾ. പൊതുസേവന വകുപ്പുമായും സ്പോര്‍ട്സ് അതോറിറ്റിയുമായും സഹകരിച്ചു റിസോര്ട്ടിലുള്ളവര്ക്കു മികച്ച സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി എൻജീനിയര്‍ അബ്ദുല്‍ അസീസ് അല്‍ താഷ പറഞ്ഞു. നല്ല ഭക്ഷണവും മെഡിക്കല്‍ ജീവനക്കാരുടെ സഹായവും ലഭ്യമാക്കുന്നു. പേടിക്കേണ്ട അവസ്ഥ ഇപ്പോൾ ഇല്ലെന്നും എല്ലാവരും സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.
തുർക്കിയിൽനിന്ന് ഒരുകോടി മാസ്ക് ഇറക്കുമതി ചെയ്യും
കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ മന്ത്രാലയം തുർക്കിയിൽനിന്ന് ഒരുകോടി പ്രതിരോധ മുഖാവരണം ഇറക്കുമതി ചെയ്യും. ഇതുസംബന്ധിച്ച് മന്ത്രാലയം തുർക്കി ഭരണകൂടവുമായി കരാറിൽ ഒപ്പിട്ടു. പ്രതിരോധ മന്ത്രാലയത്തിെൻറ കാർഗോ വിമാനങ്ങൾ, ട്രക്കുകൾ എന്നിവയിൽ ഇവ രാജ്യത്തെത്തിക്കും. കുവൈത്തികൾക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്യാനാണിത്.
കുവൈത്ത് സപ്ലൈ കമ്പനി സ്റ്റോർ വഴിയാണ് മാസ്ക്കുകൾ വിതരണം ചെയ്യുക. മാസ്ക്കുകളുടെ ഇറക്കുമതി ഇൗ ആഴ്ച ആരംഭിക്കും. മാസ്ക് ക്ഷാമം മുതലാക്കി വില വർധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വാണിജ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
മാസ്ക് പൂഴ്ത്തിവെപ്പ്: മൂന്ന് ഫാർമസികൾ പൂട്ടിച്ചു
കുവൈത്ത് സിറ്റി: പ്രതിരോധ മുഖാവരണം പൂഴ്ത്തിവെച്ച മൂന്ന് ഫാർമസികൾ വാണിജ്യ മന്ത്രാലയം പൂട്ടിച്ചു. മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം 127 പരാതികൾ ലഭിച്ചു. എട്ട് ഫാർമസികൾക്ക് പിഴ ചുമത്തി. 117 ഫാർമസികളിൽ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധന നടത്തി. മാസ്ക് പൂഴ്ത്തിവെപ്പിന് നിയമനടപടികൾ നേരിടുന്ന 22 ഫാർമസികൾ കഴിഞ്ഞ ദിവസം പത്തുലക്ഷം മാസ്ക് സൗജന്യമായി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഇത് അംഗീകരിച്ച വാണിജ്യ മന്ത്രാലയം ഇതിന് പകരമായി നിബന്ധനകൾക്ക് വിധേയമായി ഫാർമസികൾ വീണ്ടും തുറക്കാൻ അനുമതി നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂൾ അവധി രണ്ടാഴ്ച കൂടി നീട്ടിയേക്കും
കുവൈത്ത് സിറ്റി: കോവിഡ് വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം രണ്ടാഴ്ച കൂടി അവധി നീട്ടിയേക്കും. ദേശീയ ദിനാഘോഷം കഴിഞ്ഞ് മാർച്ച് ഒന്നിന് തുറക്കേണ്ട സ്വകാര്യ, സർക്കാർ സ്കൂളുകൾ നിലവിലെ തീരുമാനപ്രകാരം മാർച്ച് 15നാണ് തുറക്കുക. ഇത് രണ്ടാഴ്ച കൂടി നീട്ടുന്നത് മന്ത്രാലയം പരിഗണിച്ചുവരുകയാണ്. ഒരുമാസത്തിലേറെ അധികമായി അവധി നൽകേണ്ടിവരുേമ്പാഴുള്ള പ്രതിസന്ധി മറികടക്കാൻ ഇൗ വർഷം കരിക്കുലം വെട്ടിക്കുറക്കുന്നതും പരീക്ഷക്ക് ശേഷമുള്ള പൊതു അവധി റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള സാധ്യതകൾ അധികൃതർ പരിഗണിക്കുന്നു.
അടുത്ത ദിവസം നടക്കുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്കൂളുകൾ വഴി കൊറോണ പരന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ പരീക്ഷണത്തിന് നിൽക്കേണ്ടെന്ന് മന്ത്രാലയം തീരുമാനിച്ചത്. സ്കൂൾ തുറന്നാലും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ പെെട്ടന്ന് ലഭിച്ച ദീർഘ അവധി മുതലാക്കി സർക്കാർ സ്കൂളുകളിലെ അധ്യാപകർ ഉൾപ്പെടെ ഒരു വിഭാഗം ജീവനക്കാർ വിദേശരാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. ഇവരോട് ആരോഗ്യമന്ത്രാലയത്തിൽനിന്ന് വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ച് ജോലിക്ക് കയറിയാൽ മതിയെന്ന് നിർദേശിച്ചു.
ഇൗജിപ്തുകാർക്ക് വിസ നൽകുന്നത് നിർത്തി
കുവൈത്ത് സിറ്റി: കോവിഡ് വൈറസിെൻറ പശ്ചാത്തലത്തിൽ ഇൗജിപ്ഷ്യൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് താൽക്കാലികമായി നിർത്തി. സന്ദർശക വിസ, കുടുംബവിസ, വിനോദ സഞ്ചാര, വാണിജ്യ വിസകൾ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം താമസകാര്യ ഒാഫിസുകൾക്ക് സർക്കുലർ അയച്ചു. ഞായറാഴ്ച മുതൽ ഉത്തരവിന് പ്രാബല്യമുണ്ട്. നിലവിൽ കുവൈത്തിൽ വിസയുള്ള ഇൗജിപ്തുകാർക്ക് വരുന്നതിന് തടസ്സമില്ല. ഇവരെ വിമാനത്താവളത്തിൽ കർശന നിരീക്ഷണത്തിന് വിധേയമാക്കും.
ഇറാൻ, ചൈന, തായ്ലൻഡ്, ദക്ഷിണ കൊറിയ, ഇറാഖ്, ഇറ്റലി എന്നിവക്ക് കുവൈത്ത് നേരേത്ത വിസ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈറസ് ഭീതി ഒഴിയുന്ന മുറക്ക് വിസ വിലക്ക് നീക്കുമെന്നാണ് അധികൃതർ പറയുന്നത്. കുവൈത്തിലെ രണ്ടാമത്തെ വലിയ വിദേശി സമൂഹമാണ് ഇൗജിപ്തുകാർ. ഇവർക്ക് സന്ദർശക വിസക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത് വലിയൊരു വിഭാഗത്തെ ബാധിക്കും. അതിനിടെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു രാജ്യക്കാർക്കും ഇപ്പോൾ സന്ദർശക വിസ അനുവദിക്കുന്നില്ലെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം നിശ്ചിത യോഗ്യത ഉണ്ടായിട്ടും സന്ദർശക വിസ അനുവദിച്ച ഏതാനും മലയാളികൾക്ക് ഉൾപ്പെടെ വിസ ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.