പ്രവാസികൾക്ക് മരുന്നിന് വില; തീരുമാനത്തിൽ മാറ്റമില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്ക് മരുന്നിന് വില ഏർപ്പെടുത്തിയ തീരുമാനത്തിൽനിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. മരുന്ന് വിതരണം, മേൽനോട്ടം വഹിക്കൽ എന്നിവക്കു പിന്നിലെ സംവിധാനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്നിന് പ്രവാസികൾക്ക് ഫീസ് ചുമത്താനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്നും കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രവാസികൾക്ക് പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെ ഡിസംബർ മുതൽ മരുന്നുകൾക്ക് പുതിയ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. നേരത്തേ മരുന്ന് സൗജന്യമായിരുന്നു.
പ്രവാസികൾക്കായി ആരോഗ്യസുരക്ഷ ആശുപത്രി നിശ്ചയിക്കുക, സ്വകാര്യ മേഖലയിലെ തൊഴിലാളികളെ സർക്കാർ ആശുപത്രികളിൽ സ്വീകരിക്കാതിരിക്കുക തുടങ്ങിയ തീരുമാനവും ഉടനുണ്ടാകും. രണ്ടു മാസമായി അനുഭവിക്കുന്ന മരുന്നുക്ഷാമം മറികടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രധാന മരുന്നുകൾക്ക് ക്ഷാമമില്ല. നിർമാതാക്കളുമായി നേരിട്ടുള്ള കരാറുകളിലൂടെയും ഏജന്റുമാർ മുഖേനയും ആവശ്യമായ മരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ബജറ്റ് അനുവദിച്ചതിനാൽ നിലവിൽ ദിവസേന നിരവധി രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നുണ്ട്.
പ്രതിസന്ധിക്ക് കാരണം മന്ത്രാലയം അല്ലെന്നും അന്താരാഷ്ട്ര കമ്പനികളും പ്രാദേശിക സാഹചര്യങ്ങളും നേരിടുന്ന പ്രശ്നങ്ങളാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ മെഡിക്കൽ വെയർഹൗസുകളെ പിന്തുണക്കുന്നതിനായി മന്ത്രാലയം പുതിയ മെഡിക്കൽ സ്റ്റോറുകൾ അനുവദിച്ചു. ഓരോ ഗവർണറേറ്റിലും മരുന്നുകൾക്കായി ഒരു മെഡിക്കൽ വെയർഹൗസ് സ്ഥാപിക്കും. കുവൈത്തിലെ ഫാക്ടറികൾ വഴി മരുന്ന് ഉൽപാദിപ്പിക്കാൻ അന്താരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചു. ഇത് മരുന്നുകളുടെ ക്ഷാമം ഒഴിവാക്കാനും ന്യായ വിലക്ക് മരുന്നുകൾ ലഭ്യമാകുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.