രാജ്യം ഇലക്ട്രിക് വാഹന രംഗത്തേക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യം ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കുന്നു. ഇതിന്റെ മുന്നോടിയായി വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകളുടെ ലിസ്റ്റ് തയാറാക്കുന്നത് പൂർത്തിയായി. പൊതുമരാമത്ത് -വൈദ്യുതി മന്ത്രി അലി അൽ മൂസ യാണ് ശനിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന ചാർജിങ് കേന്ദ്രങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകും. ആഗോള മുന്നേറ്റത്തിനൊപ്പം സഞ്ചരിക്കുക, ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സമുച്ചയങ്ങൾ, മറ്റിടങ്ങൾ എന്നിവിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി വലിയ മുന്നേറ്റത്തിലാണെന്നും നിരവധി പേർ ഇലക്ട്രിക് വാഹനങ്ങൾക്ക് താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ചാർജിങ് സ്റ്റേഷനുകളുടെ തുടക്കം വിദേശ ഇലക്ട്രിക് കാർ നിർമാതാക്കളെ കുവൈത്ത് വിപണിയിൽ പ്രവേശിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റത്തിലൂടെ മലിനീകരണം കുറക്കാനാകും. കുവൈത്ത് 2035 പദ്ധതിയിൽ ശുദ്ധമായ അന്തരീക്ഷവും ലക്ഷ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇലക്ട്രിക് കാറുകൾ വ്യാപകമാക്കാൻ രണ്ടുവർഷം മുമ്പ് സർക്കാർ തലത്തിൽ നീക്കമാരംഭിച്ചിരുന്നു. 2022 ഓടെ രാജ്യത്ത് ഇലക്ട്രിക് കാറുകൾ പ്രചാരത്തിലാക്കാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ, വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് വകുപ്പ്, വാണിജ്യ വ്യവസായമന്ത്രാലയം, കുവൈത്ത് സയന്റിഫിക് റിസര്‍ച് സെന്റര്‍ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് പഠനത്തിനായി ചുമതലപ്പെടുത്തിയത്.
കുവൈത്തിന്റെ കാലാവസ്ഥയോട് കാറുകള്‍ എങ്ങനെ ഇണങ്ങിച്ചേരുമെന്നും പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്നുമുള്ള പഠനം ഇതിന്റെ ഭാഗമായിരുന്നു. രാജ്യമെമ്പാടും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വൈദ്യുതി മന്ത്രാലയം ലക്ഷ്യമിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.