കോവിഡ്: 1198 പുതിയ രോഗികൾ; ഒമ്പതു മരണം
text_fieldsകുവൈത്ത് സിറ്റി: ശനിയാഴ്ച 1198 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒമ്പത് പേർകൂടി മരിച്ചു. ഇതുവരെ 2,27,178 പേർക്കാണ് കോവിഡ് ബാധിച്ചത്. ശനിയാഴ്ച 1336 പേർ ഉൾപ്പെടെ 2,11,360 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,539 പേരാണ് ചികിത്സയിലാണ്. 250 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ എട്ടുപേർ വർധിച്ചു. പുതിയ കേസുകളുടെ എണ്ണത്തിലും കുതിപ്പുണ്ടായി.
ഇതുവരെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 1279 പേരാണ്. 7729 പേർക്കുകൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 20,22,843 പേർക്ക് പരിശോധന നടത്തി. ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്.
പരിശോധന കുറവായതിനാലാണ് ശനിയാഴ്ച കേസുകളിൽ കുറവ് വരാൻ കാരണമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച 1500ലേറെ പുതിയ കേസുകളും 12 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
കർഫ്യൂ ലംഘനം: 19 പേർ കൂടി പിടിയിൽ
14 കുവൈത്തികളും അഞ്ചു വിദേശികളുമാണ് പിടിയിലായത്
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘിച്ചതിന് 14 കുവൈത്തികളും അഞ്ചു വിദേശികളും ഉൾപ്പെടെ 19 പേർ കൂടി അറസ്റ്റിലായി. ഹവല്ലി ഗവർണറേറ്റിൽ ഒമ്പത്, ജഹ്റ ഗവർണറേറ്റിൽ മൂന്ന്, അഹ്മദി ഗവർണറേറ്റിൽ ഏഴ് എന്നിങ്ങനെയാണ് പിടിയിലായവരുടെ എണ്ണം. കാപിറ്റൽ, ഫർവാനിയ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.