കോവിഡ് വ്യാപനം : പ്രതിരോധ നടപടികൾ കർശനമാക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കാൻ ശിപാർശ. ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ശിപാർശ മന്ത്രിസഭക്ക് സമർപ്പിച്ചത്. ഫെബ്രുവരി പകുതിയോടെ ഒമിക്രോൺ വ്യാപനം അതിരൂക്ഷമാകുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആരോഗ്യമന്ത്രാലയം ശിപാർശ നൽകിയത്. പൊതുജനങ്ങൾ കൂടുതൽ ആയി എത്തുന്ന ഷോപ്പിങ് മാളുകൾ, വ്യാപാര കേന്ദ്രങ്ങൾ, ആളുകൾ ഒത്തു കൂടാനിടയുള്ള അടഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം കർശനം ആക്കാനാണ് പ്രധാന നിർദേശം. കൂടുതൽ ആളുകളിലേക്ക് ബൂസ്റ്റർ ഡോസ് എത്തിക്കുക, പ്രതിരോധ കുത്തിവെപ്പ് യജ്ഞം ഊർജിതമാക്കുക, അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽപോലുള്ള കരുതൽ നടപടികൾ പാലിക്കുന്നു ഉറപ്പാക്കുക തുടങ്ങിയവയാണ് മന്ത്രാലയം മുന്നോട്ടുവെച്ച മറ്റു നിർദേശങ്ങൾ. ആരോഗ്യമാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ ശിക്ഷനടപടികൾ ശക്തമാക്കണമെന്നും മന്ത്രാലയത്തിെൻറ ശിപാർശയുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദിെൻറ നേതൃത്വത്തിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.
6063 പേർക്കുകൂടി കോവിഡ്; 5129 രോഗമുക്തർ. ഒരു മരണം; തീവ്രപരിചരണ വിഭാഗത്തിൽ 91 പേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ 6063 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5129 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2497ആയി. 29,304 പേർക്ക് കൂടി പരിശോധന നടത്തി. 51,718 ആണ് ആക്ടിവ് കോവിഡ് കേസുകൾ. 480 പേർ കോവിഡ് വാർഡുകളിലും 91 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. സൗദി (37,911), ബഹ്റൈൻ (42,613), ഖത്തർ (22,733), യു.എ.ഇ (65,719), ഒമാൻ (19,584) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.