കോവിഡ്: 467 പുതിയ കേസുകൾ; 354 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 467 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,58,244 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 354 പേർ ഉൾപ്പെടെ 1,51,496 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 948 ആയി. ബാക്കി 5800 പേരാണ് ചികിത്സയിലുള്ളത്. 56 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ വർധിച്ചു. 8807 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ആകെ 14,06,352 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ജനുവരിയിൽ പുതിയ കേസുകൾ കൂടുതലാണ്. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്. എന്നാൽ, ജനുവരിയിൽ പുതിയ കേസുകൾ കൂടി. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. രണ്ടര മാസം മുമ്പ് 3000ത്തിനടുത്ത് പേർ മാത്രം ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്താണ് 5800ലെത്തിയത്. അതേസമയം, വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
ക്വാറൻറീൻ ഏഴു ദിവസമായി കുറക്കാൻ ആലോചനയെന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവരുടെ ക്വാറൻറീൻ കാലാവധി ഏഴ് ദിവസമായി കുറക്കാൻ ആലോചനയെന്ന് റിപ്പോർട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, വിദേശത്തുനിന്ന് വരുന്ന കുവൈത്തികളുടെയും വിദേശികളുടെയും ക്വാറൻറീൻ സമയം നിലവിൽ രണ്ടാഴ്ചയാണെന്നും മറിച്ചൊരു തീരുമാനം എടുത്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വിമാനത്താവളത്തിലെ പരിശോധനയിൽ ഫലം നെഗറ്റിവായ യാത്രക്കാരെ ഒരാഴ്ചക്കകം വീണ്ടും പരിശോധനക്ക് വിധേയരാക്കുകയും വീണ്ടും നെഗറ്റിവ് ആകുകയാണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാൻ അനുമതി നൽകുകയും ചെയ്യുന്ന രീതിയാണ് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതെന്ന് അൽ ഖബസ് റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ ഫലം പോസിറ്റിവ് ആകുന്ന യാത്രക്കാർ രണ്ടാഴ്ച ക്വാറൻറീൻ അനുഷ്ഠിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.