കോവിഡ് കേസുകൾ വർധിക്കുന്നു; ലോക്ഡൗൺ ഭീതിയിൽ ജനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സമീപ ആഴ്ചകളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ വീണ്ടും ലോക്ഡൗൺ ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് കടക്കുമോ എന്ന ആശങ്കയിൽ ജനം. ഇതുവരെ അത്തരം സൂചനകളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിയന്ത്രണാതീതമായി കോവിഡ് വ്യാപിച്ചാൽ കടുത്ത നടപടികളിലേക്ക് നീങ്ങാൻ അധികൃതർ നിർബന്ധിതരാകും.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാവുകയും വിദേശി ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടും ജനങ്ങൾ പുറത്തിറങ്ങുന്നത് തുടരുകയും ചെയ്ത സാഹചര്യത്തിലാണ് നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ആദ്യം ജലീബ് അൽ ശുയൂഖ്, മഹ്ബൂല എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്തഘട്ടത്തിൽ ഫർവാനിയ, ഖൈത്താൻ, ഹവല്ലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. പിന്നീട് രാജ്യവ്യാപക കർഫ്യൂവിലേക്കും കഴിഞ്ഞവർഷം രാജ്യം നീങ്ങി. ജോലിക്ക് പോകാനാവാതെ നിരവധിപേർ പ്രയാസപ്പെട്ടു. നിരത്തുകളിൽ പൊലീസും സൈന്യവും മാത്രമായി. അവശ്യ ഭക്ഷ്യവസ്തുക്കളും ഗ്യാസും തീർന്ന് പ്രയാസമുണ്ടായി. സന്നദ്ധസംഘടനകളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഭക്ഷണ വിതരണം ഇല്ലായിരുന്നെങ്കിൽ പട്ടിണി മരണത്തിന് സാക്ഷിയായേനെ.
ജോലിയും വരുമാനവും നഷ്ടമായ നിരവധി പേർ ലോക്ഡൗൺ, കർഫ്യൂ കാലത്ത് ദുരിതത്തിലായി. വീണ്ടും കോവിഡ് വർധിക്കുേമ്പാൾ പേടിപ്പെടുത്തുന്ന അക്കാലമാണ് ജനങ്ങളുടെ മനസ്സിൽ. അന്നത്തെ നിയന്ത്രണങ്ങളിൽ സാമ്പത്തികമായി തകർന്ന പല ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇപ്പോഴും ആഘാതത്തിൽനിന്ന് പൂർണമായി മുക്തി നേടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.