കോവിഡ് ചതിച്ചു; നിരാശയിൽ ശൈത്യകാല തമ്പുപകരണ വിപണി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ശൈത്യകാല തമ്പ് നിർമാണത്തിന് അനുമതി നൽകാതിരുന്നതോടെ ഇതുമായി ബന്ധപ്പെട്ട് തൊഴിലും വ്യാപാരവും നടത്തിയിരുന്നവർക്ക് നിരാശ. സീസണിൽ മാത്രം ലഭിക്കുന്ന ബിസിനസ് നഷ്ടമാവുന്നതോടെ ഇതു തിരിച്ചുപിടിക്കാൻ മറ്റൊരു അവസരമില്ല. പലതരം കൂടാരങ്ങളും വിളക്കുകളും കയറുകളുമാണ് ഉപഭോക്താക്കളെ കാത്ത് കൂട്ടിയിട്ടിരിക്കുന്നത്.
ലോക്ഡൗണിനുശേഷം ജൂലൈയിൽ വീണ്ടും തുറന്നെങ്കിലും കച്ചവടമില്ല. വീടുകളുടെ പിറകുവശത്ത് തമ്പുകെട്ടുന്ന കുവൈത്തികളുടെ ഒറ്റപ്പെട്ട കച്ചവടം മാത്രമാണ് ഇപ്പോൾ ഉള്ളത്. ഇവിടത്തെ നിരവധി കടകൾക്ക് ഇത് അപര്യാപ്തമാണ്. 20 വർഷമായി ഇൗ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് ഇങ്ങനെയൊരു ക്ഷാമകാലം മുൻപരിചയമില്ല.
പലരും സ്ഥാപനങ്ങൾ പൂട്ടി കുവൈത്ത് വിടാനുള്ള തീരുമാനത്തിലാണ്. 70 ശതമാനം വ്യാപാരം കുറവാണെന്ന് പാകിസ്താനി കടയുടമ പ്രതികരിച്ചു. പലരും ജീവനക്കാരെ പിരിച്ചുവിട്ടു. അഞ്ചോ ആറോ തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കടയുടമയും ഒരു സഹായിയും മാത്രമാണ് ഉള്ളത്.
കടയിൽനിന്ന് വരുമാനമില്ലാത്തതിനാൽ മറ്റു ജോലിതേടി പോവാൻ തൊഴിലാളികൾക്ക് നേരത്തേ തന്നെ അനുമതി നൽകുകയായിരുന്നു.വിൽപന കുറവായതിെൻറ സമ്മർദത്തിലായ കച്ചവടക്കാരെ കൂടുതൽ സമ്മർദത്തിലാക്കി ഉപഭോക്താക്കൾ വിലപേശുന്നു. കോവിഡ് പ്രതിസന്ധി ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നതും യാഥാർഥ്യമാണ്. വിവിധ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്ത തരം തമ്പുകെട്ടുന്നതിനാവശ്യമായ വസ്തുക്കള്‍ മാര്‍ക്കറ്റുകളിലേക്ക് ഇറക്കുമതി ചെയ്തിരുന്നവർ ഇത്തവണ ഇടിവ് മുൻകൂട്ടി കണ്ട് കുറച്ചുമാത്രമേ വാങ്ങിയിരുന്നുള്ളൂ. എന്നാൽ, തമ്പ് സീസൺ തന്നെ ഇല്ലാതാവുമെന്ന് അവർ കണക്കുകൂട്ടിയിരുന്നില്ല.
പാകിസ്താന്, ഇറാനി തമ്പുകൾക്കാണ് കുവൈത്തിൽ മുൻകാലത്ത് ഡിമാൻഡ് ഏറെ ഉണ്ടായിരുന്നത്. തൊഴിലാളികളിൽ അധികവും ഇൗ രാജ്യക്കാരാണ്. ഇന്ത്യക്കാരും ഉണ്ട്.കുവൈത്തിൽ പാർലമെൻറ് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങളേയുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണ തമ്പുകൾ നിർമിക്കാനും ഇത്തവണ അനുമതിയുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. ഇൗ വകയിൽ പ്രതീക്ഷിച്ചിരുന്ന വരുമാനവും ഇല്ലാതാവുമെന്ന നിരാശയിലാണ് കടയുടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.