കോവിഡ് പ്രതിസന്ധി: 97,802 ഇന്ത്യക്കാർ കുവൈത്തിൽനിന്ന് മടങ്ങി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കാലത്ത് 97,802 ഇന്ത്യക്കാർ കുവൈത്തിൽനിന്ന് മടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യൻ സർക്കാറിെൻറ കണക്കുപ്രകാരം ആറ് ഗൾഫ് രാജ്യങ്ങളിൽനിന്നായി ഏഴ് ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് മടങ്ങേണ്ടി വന്നു. 7,16,662 പേരാണ് മടങ്ങേണ്ടി വന്നത്. ഇതിൽ പകുതിയോടടുത്ത് (330,058) യു.എ.ഇയിൽനിന്നാണ്. സൗദി (137,900), കുവൈത്ത് (97,802), ഒമാൻ (72,259), ഖത്തർ (51,190), ബഹ്റൈൻ (27,453) എന്നിങ്ങനെയായിരുന്നു മടക്കം. വിദേശകാര്യമന്ത്രി രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ വ്യക്തമാക്കിയത്.
ഇന്ത്യക്കാർ ധാരാളമായി ജോലിചെയ്യുന്ന ഗൾഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. താൻ 13 തവണയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നാലുതവണയും ഗൾഫ് സന്ദർശനം നടത്തി.കോവിഡ് പ്രതിസന്ധി സാമ്പത്തിക വ്യവസ്ഥ ദുർബലപ്പെടുത്താനും തൊഴിൽ നഷ്ടത്തിനും കാരണമായിട്ടുണ്ട്. ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. തിരിച്ചുവന്നവർക്ക് വീണ്ടും മടങ്ങാനും തൊഴിൽ കണ്ടെത്താനും കഴിയുമെന്നാണ് പ്രതീക്ഷ. താൻ നേരിട്ടും അംബാസഡർമാർ വഴിയും ഗൾഫ് രാജ്യങ്ങളിലെ അധികൃതരോട് നിരന്തരം ആശയവിനിമയം നടത്തുന്നു. ഇന്ത്യൻ സർക്കാറിന്റെ ഇടപെടലുകളോട് ഗൾഫ് രാജ്യങ്ങൾ നല്ലരീതിയിലാണ് പ്രതികരിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലിടത്തിലേക്ക് ഇന്ത്യക്കാർക്ക് മടങ്ങിയെത്താൻ കഴിയും. പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ചും സംഘടനകളുമായി ഏകോപിപ്പിച്ചും സഹായം നൽകിവരുന്നു. ജി.സി.സി മേഖലയെ വളരെ പ്രാധാന്യത്തോടെയും കരുതലോടെയുമാണ് സർക്കാർ കാണുന്നതെന്നും മന്ത്രി ഡോ. എസ്. ജയ്ശങ്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.