കോവിഡ് മരണ ധനസഹായം: അംബാസഡർക്ക് അഭിനന്ദന പ്രവാഹം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച നിർധനരായ ഗാർഹികത്തൊഴിലാളികളുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ഇന്ത്യൻ അംബാസഡർ സിബി ജോർജിന് അഭിനന്ദന പ്രവാഹം.
കുവൈത്തിൽ നാഷനൽ എലിജിബിലിറ്റി-കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പ്രവേശന പരീക്ഷ കേന്ദ്രം അനുവദിപ്പിക്കാൻ കഴിഞ്ഞതിൽ നാനാതുറകളിൽനിന്ന് അഭിനന്ദനം ഏറ്റുവാങ്ങി രണ്ടാഴ്ചക്കകമാണ് ജനപ്രിയ തീരുമാനത്തിലൂടെ കുവൈത്തിലെ ഇന്ത്യൻ എംബസിയും അംബാസഡറും തിളങ്ങിയത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രവാസി സംഘടനകളും വ്യക്തികളും സന്തോഷം പ്രകടിപ്പിക്കുന്നു. 120 ദീനാറിൽ കുറവ് ശമ്പളമുള്ളവർക്കാണ് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം ലഭ്യമാക്കുക. ബുധനാഴ്ച വൈകീട്ട് നടന്ന എംബസി ഒാപൺ ഹൗസിലാണ് അംബാസഡർ ഇൗ പ്രഖ്യാപനം നടത്തിയത്. വിഭവ സമാഹരണത്തിനായി വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. നേരത്തേ ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ കർഫ്യൂ കാലത്ത് ഇത്തരത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ഉൾപ്പെടെ നടത്തിയിരുന്നു.
മലയാളിയായ സിബി ജോർജ് അംബാസഡറായി ചുമതലയേറ്റതിന് ശേഷം ഗുണപരമായ നിരവധി മാറ്റങ്ങൾ എംബസിയുമായി ബന്ധപ്പെട്ട് പ്രകടമാണ്.
ജനങ്ങൾക്ക് ഇപ്പോൾ പൊതുവിൽ എംബസിയെ കുറിച്ച് പരാതിയില്ല. എന്തു പരാതിയും സമർപ്പിക്കാനും ന്യായമായ പരിഹാരം കണ്ടെത്താനും ഏതൊരു സാധാരണക്കാരനും കഴിയുന്ന വിധത്തിൽ ആശയവിനിമയ സംവിധാനങ്ങൾ സുതാര്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികൾക്ക് ഇടനിലക്കാരില്ലാതെ എംബസിയെ ബന്ധപ്പെടാൻ കഴിയുന്ന സാഹചര്യം ഒരുങ്ങിയതാണ് ഏറ്റവും നല്ല മാറ്റം.
എല്ലാ മാസവും നടത്തുന്ന ഒാപൺ ഹൗസിലൂടെയും വാട്സ്ആപ് ഹെൽപ് ഡെസ്കിലൂടെയും എംബസി അങ്കണത്തിലെ ഹെൽപ് ഡെസ്കിലൂടെയും ഏതു വിഷയത്തിലും സഹായം തേടാം. പ്രവാസികളുടെ വിവിധ വിഷയങ്ങൾ കുവൈത്ത് അധികൃതരുമായി ചർച്ച ചെയ്യുന്നതിലും ശ്രദ്ധേയമായ പുരോഗതിയുണ്ട്.
ദീർഘനാളത്തെ പ്രവാസ ജീവിതത്തിൽ ഇത്രയേറെ പിന്തുണ എംബസിയുടെ ഭാഗത്തുനിന്ന് ലഭിച്ച കാലമില്ല എന്നാണ് ആളുകളുടെ പ്രതികരണം. ജനപ്രിയ ഇടപെടലുകളുമായി മുന്നോട്ടുപോകുന്ന കുവൈത്തിലെ ഇന്ത്യൻ എംബസിക്കും മലയാളി അംബാസഡർ സിബി ജോർജിനും അഭിമാനിക്കാവുന്ന പൊൻതൂവലാണ് സഹായധന പ്രഖ്യാപനം.
സാരഥി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് െഎ.സി.എസ്.ജിയുമായി സഹകരിച്ച് ധനസഹായം നല്‍കാനുള്ള ഇന്ത്യന്‍ എംബസിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി സാരഥി കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു. ഏക ആശ്രയമായിരുന്ന പലരുടെയും വേര്‍പാടില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കുള്ള താല്‍ക്കാലിക ആശ്വാസമാവുന്നതാണ് എംബസിയുടെ തീരുമാനം.
മനുഷ്യത്വപരമായ തീരുമാനമെടുത്ത ഇന്ത്യന്‍ എംബസിയെയും അതിനു നേതൃത്വം നൽകിയ അംബാസഡർ സിബി ജോർജിനെയും പ്രത്യേകം അഭിനന്ദിക്കുന്നതായി സാരഥി പ്രസിഡൻറ് സജീവ് നാരായണൻ, ജനറൽ സെക്രട്ടറി സി.വി. ബിജു എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വെൽഫെയർ കേരള കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച ചെറിയ വരുമാനക്കാരായ ഗാർഹികത്തൊഴിലാളികളുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ സഹായധനം നൽകാനുള്ള ഇന്ത്യൻ എംബസിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വെൽഫെയർ കേരള കുവൈത്ത് നേതാക്കൾ അംബാസഡറെ സന്ദർശിച്ച് നൽകിയ നിവേദനത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജന താൽപര്യം ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ആശ്വാസകരമായ പ്രഖ്യാപനം നടത്തുകയും ചെയ്ത അംബാസഡർ സിബി ജോർജിന് അഭിവാദ്യം അർപ്പിക്കുന്നതായി സംഘടന അറിയിച്ചു.
കല കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള ഇന്ത്യന്‍ എംബസിയുടെ തീരുമാനത്തെ അഭിനന്ദനം അറിയിക്കുന്നതായി കല കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു.
കുടുംബത്തിെൻറ അത്താണിയായിരുന്നവരുടെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ ചെറിയൊരു ആശ്വാസം നൽകാൻ സഹായ ധനത്തിന് കഴിയും. മനുഷ്യത്വപരമായ തീരുമാനമെടുത്ത എംബസിയെയും അംബാസഡറെയും അഭിനന്ദിക്കുന്നതായി കല കുവൈത്ത് പ്രസിഡൻറ് ജോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഒ.െഎ.സി.സി
കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് മരിച്ച ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്ക് എംബസി ധനസഹായം പ്രഖ്യാപിച്ചത് അഭിനന്ദനാർഹമാണെന്ന് ഒ.ഐ.സി.സി കുവൈത്ത്.
ചരിത്രപരമായ ഈ തീരുമാനത്തിന് മുൻകൈയെടുത്ത ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. നിർധന കുടുംബങ്ങൾ സാമ്പത്തികമായി ആശ്വാസം ലഭിക്കുന്നു എന്നതിനൊപ്പം നല്ലൊരു സന്ദേശം കൂടിയാണ് ഇൗ പ്രഖ്യാപനം നൽകുന്നതെന്ന് സംഘടന വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കെ.എം.സി.സി
കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈത്തിൽ മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതർക്ക് സഹായധനം അനുവദിച്ച ഇന്ത്യൻ അംബാസഡർ സിബി ജോർജിെൻറ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കുവൈത്ത് കെ.എം.സി.സി.
കോവിഡ് മൂലം മരണപ്പെട്ട കുവൈത്തിലെ പ്രവാസികളുടെ ആശ്രിതർക്ക് കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്നും സഹായം നൽകേണ്ടതിെൻറ ആവശ്യകത കഴിഞ്ഞ വർഷം അംബാസഡറെ സന്ദർശിച്ചപ്പോൾ കുവൈത്ത് കെ.എം.സി.സി ഭാരവാഹികൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ചരിത്രപരമായ ഈ തീരുമാനമെടുത്ത അംബാസഡർക്ക് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുന്നതായി കുവൈത്ത് കെ.എം.സി.സി. പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.