കോവിഡ്: നാലാം ഡോസ് വാക്സിൻ പരിഗണനയിൽ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിന്റെ നാലാം ഡോസ് നൽകുന്നത് കുവൈത്ത് പരിഗണിക്കുന്നു. വൈകാതെ ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പ്രഖ്യാപനം നടത്തുമെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. നാലാം ഡോസ് നിയമപ്രകാരം നിർബന്ധമാക്കില്ലെന്നാണ് റിപ്പോർട്ട്. രണ്ടു ഡോസും മൂന്നാമതായി ബൂസ്റ്റർ ഡോസുമാണ് ഇപ്പോൾ നൽകി വരുന്നത്.
രണ്ടാം ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് എടുത്താലാണ് കുത്തിവെപ്പ് പൂർത്തിയാക്കിയതായി പരിഗണിക്കുന്നത്. നാലാം ഡോസ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ നിർബന്ധമാക്കില്ല. ദീർഘകാല രോഗികൾക്കും പ്രായമായവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും മുൻഗണന നൽകിയാണ് നാലാം ഡോസിന് അവസരം നൽകുക. നേരത്തേ നാലാം ഡോസിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ നാലാം ഡോസ് കൂടി നൽകാമെന്ന നിലപാടിലേക്ക് ബന്ധപ്പെട്ടവർ മാറിയെന്നാണ് റിപ്പോർട്ട്. ചില യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾതന്നെ നാലാം ഡോസ് കോവിഡ് വാക്സിൻ നൽകുന്നുണ്ട്. കോവിഡിനെ നിയന്ത്രണവിധേയമാക്കുന്നതിൽ വാക്സിൻ നിർണായക പങ്കുവഹിച്ചതായും ഒരുവിധ സുരക്ഷാപ്പിഴവുകളും രാജ്യത്ത് വാക്സിനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
ഒന്നര മാസത്തിനിടെ ഒന്നര ലക്ഷം പേർ വാക്സിനെടുത്തു
കുവൈത്ത് സിറ്റി: കഴിഞ്ഞ ഒന്നര മാസത്തിനിടെ 1,52,000 പേർ വാക്സിൻ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 27,652 പേർ രണ്ടാം ഡോസും 1,10,050 പേർ ബൂസ്റ്റർ ഡോസുമാണ് സ്വീകരിച്ചത്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീങ്ങിയെങ്കിലും ആരോഗ്യ മുൻകരുതലുകൾ പാലിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.