സേവനത്തിന്റെ ആഘോഷമായി കോവിഡ്കാല ഹീറോകൾക്ക് ആദരം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കാലത്ത് നിസ്തുല സേവനം അർപ്പിച്ച സന്നദ്ധപ്രവര്‍ത്തകരുടെ ആദരിക്കല്‍ ചടങ്ങ് ഹൃദ്യമായി. 'ബിഗ് സല്യൂട്ട് റ്റു ദ ഹീറോസ്'തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈത്താണ് കോവിഡ് കാല സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചത്. ത്യാഗമനസ്സോടെയുള്ള പ്രവർത്തനങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് പ്രചോദനമാകാൻ കൂടിയാണീ സംഗമമെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ് അന്‍വര്‍ സഈദ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ഭക്ഷ്യ കിറ്റ് വിതരണം, ആതുര സേവനം, മരുന്ന് വിതരണം, കൗൺസലിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി സേവനം അനുഷ്ഠിച്ച നൂറിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് ആദരിക്കപ്പെട്ടത്. സൗജന്യ ചാര്‍ട്ടര്‍വിമാന കമ്മിറ്റി അംഗങ്ങളെയും കര്‍ഫ്യൂ കാലയളവില്‍ പ്രത്യേക പാസ് കരസ്ഥമാക്കി പ്രവാസികള്‍ക്കായി സേവനം നിർവഹിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
നിറഞ്ഞ പിന്തുണയുമായി നിന്ന ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു. റഫീഖ് ബാബു പൊന്മുണ്ടം രചന നിര്‍വഹിച്ച് ഫായിസ് അബ്ദുല്ല ശബ്ദം നല്കി ജസീല്‍ ചെങ്ങളാന്‍ സംവിധാനം ചെയ്ത വിഡിയോ പ്രസന്റേഷനും ചടങ്ങില്‍ അവതരിപ്പിച്ചു.
റാഫില്‍ ഡ്രോ നറുക്കെടുപ്പില്‍ വിജയികളായവർക്ക് ജസീറ എയര്‍വേയ്സ്, പ്രിന്‍സസ് ട്രാവല്‍സ് എന്നിവര്‍ സ്പോൺസര് ചെയ്ത വിമാന ടിക്കറ്റ് നൽകി. വെൽഫെയർ കേരള വൈസ് പ്രസിഡൻറും കോവിഡ് ദുരിതാശ്വാസ കമ്മിറ്റി തലവനുമായ ഖലീല്‍ റഹ്മാന് അധ്യക്ഷത വഹിച്ചു.
അനിയന് കുഞ്ഞ് പാപ്പച്ചൻ, അബ്ദുല്‍ വാഹിദ്, നയീം ലംഗാലത്ത്, അഷ്കര്‍ മാളിയേക്കൽ, സനോജ് സുബൈർ, വിഷ്ണു നടേശ്, വാഹിദ ഫൈസല്‍, അന്‍വര്‍ ഷാജി, ഷംസീര്‍ ഉമ്മര്‍, കെ.വി. ഫൈസല്‍, സഫ്വാന്, നിഷാദ് ഇടവ, അംജദ് എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്കി. പി.ടി.പി. ആയിഷ, ഫായിസ് അബ്ദുല്ല , യാസിര്‍ കരിങ്കല്ലത്താണി എന്നിവര്‍ അവതാരകരായി. ജനറല്‍ സെക്രട്ടറി റഫീഖ് ബാബു സ്വാഗതവും പ്രോഗ്രാം കണ്‍വീനറും കേന്ദ്ര ട്രഷററുമായ ഷൗക്കത്ത് വളാഞ്ചേരി നന്ദിയും പറഞ്ഞു.
അതിജീവനത്തിന്റെ ഇശലുകൾ
കുവൈത്ത് സിറ്റി: 'നാടിനുവേണ്ടി ജീവൻ നൽകിയവരേ...'എന്ന പാട്ട് പാടി കൊണ്ടായിരുന്നു തുടക്കം. കോവിഡ് കാലത്ത് സ്വന്തം ജീവൻപോലും മറന്ന് മറ്റുള്ളവർക്കുവേണ്ടി രംഗത്തിറങ്ങിയവരെ ആദരിക്കുന്ന ചടങ്ങിൽ ഏറ്റവും അനുയോജ്യമായിരുന്നു ഇത്. വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച കോവിഡ്കാല ഹീറോകളെ ആദരിക്കുന്ന ചടങ്ങിനെ ഗംഭീരമാക്കിയതിൽ ഒരു ഘടകം റാഫി കല്ലായിയുടെ ഗസലുകളായിരുന്നു. 'അതിജീവനത്തിന്റെ ഇശലുകള്‍'തലക്കെട്ടിൽ അദ്ദേഹം പാടിയും പറഞ്ഞും സദസ്സിനെ കൈയിലെടുത്തു.
മഹാമാരിയോട് പൊരുതിത്തോറ്റ് മണ്ണടിഞ്ഞവരിൽ റാഫിയുടെ പ്രിയസുഹൃത്തുക്കളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആത്മാവിൽനിന്ന് ഉതിർന്ന സംഗീതത്തിന് ചിലപ്പോൾ കണ്ണീരുപ്പിന്റെ രുചിയായിരുന്നു. എന്നാൽ, എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല.അതിജീവനത്തിന്റെ ആഘോഷവും ഒരുമയുടെ താളവും എല്ലാമായി സദസ്സും വേദിയും ഒന്നാകുന്ന കാഴ്ചക്കാണ് വെള്ളിയാഴ്ചയുടെ സായന്തനം സാക്ഷിയായത്. കീബോർഡ്: ബഷീർ കൊയിലാണ്ടി. റിഥം: റോജി. ഹാർമോണിയം: താജ് കോഴിക്കോട്. തബല: മുസ്തഫ. ഗിത്താർ: അഖിൽ. ടാമ്പറിങ്: യാസിർ കരിങ്കല്ലത്താണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.