കോവിഡ് രോഗികൾ കൂടുന്നു: സ്വകാര്യ ആശുപത്രികളുടെ സഹായം തേടും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയം സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. സ്വകാര്യ ആശുപത്രികളോട് കരുതിയിരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്.
സർക്കാർ ആശുപത്രികളിലെ െഎ.സി.യു വാർഡുകളുടെ 40 ശതമാനം നിറഞ്ഞുകഴിഞ്ഞു. 300നടുത്ത് ആളുകൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു. ജൂൺ തുടക്കത്തിൽ 144 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നതെങ്കിൽ ജൂൺ അവസാനത്തോടെ ഇത് 290ന് മുകളിലായി. ഇരട്ടിയിലധികമാണ് വർധനയുണ്ടായത്. സമീപ ആഴ്ചകളിൽ പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുകയാണ്.
അടുത്ത ആഴ്ചകളിലും പുതിയ കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർധിച്ചുവരുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയം സമ്മർദത്തിലാകും. ഇത് മുൻകൂട്ടിക്കണ്ടാണ് സ്വകാര്യ ആശുപത്രികളുടെ സഹായം അഭ്യർഥിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾക്ക് മന്ത്രാലയം താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹവല്ലി, അഹ്മദി ഗവർണറേറ്റുകളിലാണ് കോവിഡ് കേസുകൾ കൂടുതൽ.
ആകെ രോഗികളിൽ 39 ശതമാനം ഹവല്ലി ഗവർണറേറ്റിലും 29 ശതമാനം അഹ്മദി ഗവർണറേറ്റിലുമാണ്. ജനങ്ങൾ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നു. സ്ഥിതി നിയന്ത്രണാതീതമായാൽ ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികൾക്ക് അധികൃതർ നിർബന്ധിതരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.