കോവിഡ് പ്രോട്ടോക്കോൾ: ഫീൽഡ് പരിശോധന വീണ്ടും സജീവമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കുവൈത്തിൽ വീണ്ടും ഫീൽഡ് പരിശോധന കർശനമാക്കുന്നു. ഒമിക്രോൺ വൈറസ് വകഭേദം സംബന്ധിച്ച ആശങ്കകളാണ് പരിശോധന വീണ്ടും കർശനമാക്കാൻ പ്രേരിപ്പിക്കുന്നത്. കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് പ്രതിരോധ മാർഗനിർദേശങ്ങൾ ആളുകൾ ഗൗരവത്തിലെടുക്കുന്നില്ല. പുറത്തിറങ്ങി നടക്കുമ്പോൾ ഇപ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. അതേസമയം, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും.
റസ്റ്റാറൻറ്, കഫേ പോലെയുള്ള മാസ്ക് ധരിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാക്കാനുള്ള പ്രഖ്യാപനങ്ങൾ മന്ത്രിസഭ ഒക്ടോബറിൽ നടത്തിയത്. വിവാഹ സൽക്കാരങ്ങൾക്കും സമ്മേളനങ്ങൾക്കും മറ്റു പൊതു പരിപാടികൾക്കും അനുമതിയുണ്ട്.
പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമെ പങ്കെടുപ്പിക്കാവൂ എന്ന് നിബന്ധനയുണ്ട്. ഹാളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. ഒമിക്രോൺ വൈറസ് വ്യാപിക്കുകയാണെങ്കിൽ നിലവിലെ മാനദണ്ഡങ്ങൾ അധികൃതർ മാറ്റം വരുത്തിയേക്കും. അതുവരേക്കും നിലവിലെ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തുക. ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സഹകരിച്ചാണ് ഫീൽഡ് പരിശോധന നടത്തുന്നത്. ഇതിനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.