മാലാഖമാർക്ക് പിൻബലമേകിയവരെ മറക്കാതിരിക്കാം
text_fieldsകൊറോണ എന്ന മഹാമാരി അതിന്റെ ശക്തി തെളിച്ചുനിൽക്കുന്ന സമയത്ത് ത്യാഗമനസ്സോടെ സേവനം ചെയ്ത വ്യക്തികളെയും കൂട്ടായ്മകളെയും പിന്തുണ നൽകിയ സ്ഥാപനങ്ങളെയും മറക്കാൻ കഴിയില്ല. ഇനിയും വെല്ലുവിളി പൂർണമായി അവസാനിച്ചിട്ടില്ലെങ്കിലും ഒരു പരിധിവരെയെങ്കിലും നമുക്ക് അതിജീവനം സാധ്യമായത് അത്തരം പിൻബലവും പിന്തുണയും കൊണ്ട് കൂടിയാണ്. സ്വന്തം ജീവൻപോലും പരിഗണിക്കാതെ കർമരംഗത്തിറങ്ങിയ മാലാഖമാരെ കുറിച്ച് ഈ പംക്തിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പലരും എഴുതിക്കണ്ടു. അവർക്ക് സാമ്പത്തികമായും സന്നാഹങ്ങളായും പിന്തുണ നൽകിയ സ്ഥാപനങ്ങളെയും ഓർക്കുന്നതും പ്രധാനമാണ്. വിവിധ സ്ഥാപനങ്ങൾ നൽകിയ കിറ്റുകളാണ് സന്നദ്ധ പ്രവർത്തകരും സംഘടനകളും ദുരിതകാലത്ത് കാര്യമായി വിതരണം ചെയ്തത്. വ്യക്തികളും സംഘടനകളും സ്വയം ചെലവ് വഹിച്ച് നടത്തിയ ഭക്ഷണവിതരണത്തെയും നന്ദിയോടെ ഓർക്കുന്നു.
സ്ഥാപനങ്ങളിൽ എനിക്ക് നേരിട്ട് അറിവുള്ളതാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പ്രവർത്തനം. അബ്ബാസിയിൽ അവർ വലിയ രീതിയിൽ കാരുണ്യപ്രവർത്തനം നടത്തി. ലോക്ഡൗൺ ദിവസങ്ങളിൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത സമയം ആംബുലൻസിൽ മരുന്നുകളും ഭക്ഷണക്കിറ്റുകളുമായി എല്ലാ സജ്ജീകരണങ്ങളോടും കൂടി അവരുടെ മുഴുവൻ മെഡിക്കൽ ടീം മുൻനിരയിൽ പ്രവർത്തിച്ചു. ചെയർമാൻ ഹംസ പയ്യന്നൂരിന്റെ നേതൃത്വത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ് നടത്തിയ പ്രവർത്തനം മറക്കാൻ കഴിയാത്തതാണ്. ഒരുപാട് സ്ഥാപനങ്ങൾ ലോക്ഡൗണിൽ വ്യാപാര ഇടപാടുകൾ പ്രതിസന്ധിയിലായ ഘട്ടത്തിലും മറ്റൊന്നും നോക്കാതെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകി. പേര് പരാമർശിക്കാത്തതും വ്യക്തിപരമായി എനിക്ക് നേരിട്ട് അറിയാത്തതുമായ എല്ലാവരെയും സ്മരിക്കുന്നു. രക്ഷകരായി പറന്നിറങ്ങിയ മാലാഖമാരുടെ ചിറകിന് കരുത്തുനൽകിയ ഇത്തരം പിൻബലത്തെ ഓർക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നത്. ഭാവുകങ്ങൾ.
സവിശേഷമായി തോന്നിയ കോവിഡ്കാല നന്മയെ കുറിച്ച് ഗൾഫ് മാധ്യമത്തിൽ എഴുതാം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.