കോവിഡ് സുരക്ഷ: പൊലീസ് നിരീക്ഷണം ശക്തമാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മാർഗനിർദേശങ്ങളുടെ ലംഘനം തടയാൻ പൊലീസ് നിരീക്ഷണം ശക്തമാക്കി. മാസ്ക് ധരിക്കൽ, സാമൂഹിക അകലം സൂക്ഷിക്കൽ എന്നീ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. നിയമലംഘകർക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു.
ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പുകൾ അവഗണിക്കുന്നവർക്കെതിരെ കേസെടുക്കാനും പിഴയും തടവും ഉൾപ്പെടെ ശിക്ഷാനടപടികൾ കൈക്കൊള്ളാനുമുള്ള കാബിനറ്റ് നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് നിരീക്ഷണം. പൊതു, സ്വകാര്യ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, ഒത്തുചേരൽ സംഘടിപ്പിക്കൽ തുടങ്ങിയവ കടുത്ത നിയമലംഘനമായി കണക്കാക്കും. മാസ്ക് ധരിച്ചില്ലെങ്കിൽ 50 മുതൽ 100 ദീനാർ വരെ പിഴ ഇൗടാക്കും. ഒത്തുകൂടലുകൾ കണ്ടെത്താൻ പ്രത്യേക സംഘം പരിശോധന നടത്തും.
മന്ത്രിസഭ തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ തത്സമയം നടപടി ഉണ്ടാകുമെന്നും വിവേചനം കൂടാതെ എല്ലാവർക്കും നിയമം ബാധകമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.എല്ലാവരുടേയും സുരക്ഷക്കായി നിയമങ്ങളും നിർദേശങ്ങളും നടപടിക്രമങ്ങളും പൂർണമായും പാലിക്കാൻ മന്ത്രാലയം പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.