കോവിഡ് വാക്സിനേഷൻ പ്രതിദിനം 1000 പേർക്ക്; അടുത്തയാഴ്ച 10,000 ആക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഒൗദ്യോഗികമായി ആരംഭിച്ചു.
മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിൽ സജ്ജീകരിച്ച കേന്ദ്രത്തിൽ ഇപ്പോൾ പ്രതിദിനം 1000 പേർക്കാണ് കുത്തിവെപ്പെടുക്കുന്നത്. അടുത്ത ആഴ്ചയോടെ ഒരു ദിവസം 10,000 പേർക്ക് വരെ കുത്തിവെപ്പെടുക്കാൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കാമ്പയിൻ ഒരു വർഷം നീളും. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറ നേതൃത്വത്തിൽ ഉന്നത സംഘം ഞായറാഴ്ച മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തുകയും ആരോഗ്യ ജീവനക്കാർക്ക് മാർഗ നിർദേശം നൽകുകയും ചെയ്തു. നേരത്തേ വ്യാഴാഴ്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ഉപപ്രധാനമന്ത്രി അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് തുടങ്ങിയവർ കുത്തിവെപ്പെടുത്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഉന്നതർ കുത്തിവെപ്പെടുക്കുകയും പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പായ ശേഷം ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങുകയുമായിരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും കേന്ദ്രം പ്രവർത്തിക്കും. എല്ലാമാസവും വാക്സിൻ ഡോസുകൾ എത്തിക്കും.
ആദ്യ ബാച്ച് ആയി 1,50,000 ഡോസ് ഫൈസർ, ബയോൺടെക് വാക്സിൻ എത്തിച്ചിരുന്നു. ഇത് 75,000 പേർക്ക് തികയും. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. 400ലേറെ ആരോഗ്യ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാം ഡോസ് എടുക്കുന്നതിന് മുമ്പ് വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ഇത് ബൂസ്റ്റർ ഡോസ് ആണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഫലം പൂർണ തോതിൽ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.