കോവിഡ് വാക്സിൻ; രാജ്യത്ത് പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല -ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വാക്സിനുകളിൽ നിന്ന് പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ആരോഗ്യമന്ത്രാലയം. കോവിഡ് 19 വാക്സിൻ നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രാലയം വിശദീകരണം. കുവൈത്തിൽ ലഭ്യമായതും വിതരണം ചെയ്തതുമായ വാക്സിനുകൾ അന്താരാഷ്ട്ര സ്പെഷലൈസ്ഡ് മെഡിക്കൽ ഓർഗനൈസേഷനുകൾ അംഗീകരിക്കുകയും ശിപാർശ ചെയ്തവയുമാണ്. കൊറോണ വൈറസിന്റെ വകഭേദങ്ങളെ ചെറുക്കുന്നതിൽ അവർ വഴക്കമുള്ളവരാണെന്നും മന്ത്രാലയത്തിന്റെ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വാക്സിനേഷന്റെ പ്രയോജനം അപൂർവമായ പാർശ്വഫലങ്ങളേക്കാൾ വളരെ വലുതാണ്. പകർച്ചവ്യാധിയുടെ ഉയർന്ന വ്യാപന ഘട്ടത്തിൽ പ്രായമായവരും ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർക്കും വാക്സിനുകൾ ഗുണം ചെയ്യുമെന്നും വ്യക്തമാക്കി. വാക്സിനേഷൻ ഡേറ്റയും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റും ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹൽ’ വഴി ലഭ്യമാണ്. കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകാമെന്ന് കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.