കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതരെ സഹായിക്കാൻ ശ്രമിക്കും -അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ ആശ്രിതർക്ക് സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ് വഴി സഹായം ലഭ്യമാക്കാനാണ് ആലോചിക്കുന്നതെന്ന് കുവൈത്തിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാവരെയും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും സാമ്പത്തികമായി അവശത അനുഭവിക്കുന്ന കുടുംബങ്ങളെയെങ്കിലും സഹായിക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. അടുത്ത ഒാപൺ ഹൗസിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്ന് സിബി ജോർജ് പറഞ്ഞു.
സർക്കാർ തലത്തിൽ സഹായം ലഭ്യമാക്കാനുള്ള ആലോചനകൾ നടക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. നേരത്തേ കുവൈത്തിൽ കർഫ്യൂവും ലോക്ഡൗണും നിലനിന്ന ഘട്ടത്തിൽ ഇന്ത്യക്കാരെ സഹായിക്കാൻ രൂപം നൽകിയ വേദിയാണ് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്. ജോലിയും വരുമാനവും ഇല്ലാതായി ദുരിതത്തിലായ ആയിരക്കണക്കിനാളുകൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിക്കാൻ ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന് കഴിഞ്ഞു.
സുമനസ്സുകളായ വ്യവസായികളിൽനിന്നും വ്യക്തികളിൽനിന്നും കുവൈത്തി സന്നദ്ധ സംഘടനയിൽനിന്നും ഇതിനായി വിഭവ സമാഹരണം നടത്തി.
രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കണക്ക് അനുസരിച്ച് കുവൈത്തിൽ 546 ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നറിയിച്ചത്.
അതിനുശേഷവും ഏതാനും പേർ മരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരെയെല്ലാം കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് ഇവിടെ തന്നെയാണ് സംസ്കരിച്ചത്.
മൃതദേഹം ഒന്നുകാണാൻ പോലും കുടുംബങ്ങൾക്ക് അവസരമുണ്ടായില്ല. കുടുംബത്തിെൻറ ഏക അത്താണി ആയിരുന്നു ഇവരിൽ ഭൂരിഭാഗവും.
അതുകൊണ്ടുതന്നെ സഹായം ലഭ്യമാകുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.