സ്രഷ്ടാവ്
text_fieldsഅല്ലാഹു നമ്മുടെ സ്രഷ്ടാവാണ്. നമ്മുടെ മാത്രമല്ല സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവ് അല്ലാഹു മാത്രമാണ്. ഈ പ്രപഞ്ചവും അതിലെ ചരാചരങ്ങളും വെറുതെ യാദൃച്ഛികമായി ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്നതാണോ അതോ എല്ലാറ്റിനും കഴിവുള്ള ഒരു പരാശക്തി അവയെല്ലാം വളരെ കൃത്യമായി സൃഷ്ടിച്ചതാണ് എന്ന് വിശ്വസിക്കുന്നതാണോ കൂടുതൽ യുക്തിഭദ്രം?! സകലതും സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് അർഥശങ്കക്കിടമില്ലാത്തവിധം അല്ലാഹു വ്യക്തമാക്കുന്നു.
''അവനാണ് അല്ലാഹു; നിങ്ങളുടെ നാഥൻ. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവൻ. അതിനാൽ നിങ്ങൾ അവനുമാത്രം വഴിപ്പെടുക.
അവൻ എല്ലാ കാര്യങ്ങളുടെയും കൈകാര്യകർത്താവാണ്'' (വിശുദ്ധ ഖുർആൻ 6:102)
അല്ലാഹുവല്ലാതെ വല്ലവനും വല്ലതും സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതൊന്ന് കാണിച്ചുതരൂ എന്ന് അല്ലാഹു വെല്ലുവിളിക്കുന്നുണ്ട്.
''ഇതൊക്കെയും അല്ലാഹുവിന്റെ സൃഷ്ടിയാണ്. എന്നാൽ, അവനല്ലാത്തവർ സൃഷ്ടിച്ചത് ഏതെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചുതരൂ. അല്ല; അതിക്രമികൾ വ്യക്തമായ വഴികേടിൽതന്നെയാണ്'' (വിശുദ്ധ ഖുർആൻ 31:11)
മനുഷ്യന്റെ ഒരു വിരൽത്തുമ്പ് എടുത്ത് പരിശോധിച്ചുനോക്കുക. അതിന്റെ കൃത്യതയും സങ്കീർണതയും നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. എത്ര കോടി മനുഷ്യരുണ്ടായാലും ഒരാളുടെ വിരൽത്തുമ്പ് മറ്റൊരാളുടേതുപോലെയാവില്ല. ഒരു ചെറിയ പ്രതലത്തിൽ ഇത്ര കൃത്യവും സങ്കീർണവുമായ സൃഷ്ടിപ്പ് നടത്താൻ അല്ലാഹുവിനല്ലാതെ മറ്റാർക്കു കഴിയും? അല്ലാഹു പറയുന്നു.
''അവന്റെ വിരൽത്തുമ്പുപോലും കൃത്യമായി നിർമിക്കാൻ പോന്നവനാണ് നാം'' (വിശുദ്ധ ഖുർആൻ 75:4)
ബുദ്ധിയുള്ള മനുഷ്യൻ പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുകയും അതിന്റെ പിന്നിലുള്ള ശക്തിയുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്യും. സത്യവിശ്വാസികളുടെ ചിന്തയും കാഴ്ചപ്പാടും ഖുർആൻ വിശദീകരിക്കുന്നത് കാണുക.
''നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവർ; ആകാശഭൂമികളുടെ സൃഷ്ടിപ്പിനെപ്പറ്റി അവർ ചിന്തിക്കുന്നു. അവർ പറയും: 'ഞങ്ങളുടെ നാഥാ, നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധൻ! അതിനാൽ നീ ഞങ്ങളെ നരകത്തീയിൽനിന്ന് കാത്തുരക്ഷിക്കേണമേ.'' (വിശുദ്ധ ഖുർആൻ 3:191)
നിഷേധികളും ബഹുദൈവാരാധകരുമായ ആളുകൾ അല്ലാഹുവാണ് തങ്ങളുടെയും പ്രപഞ്ചത്തിന്റെയും സ്രഷ്ടാവ് എന്ന കാര്യം സമ്മതിച്ചിരുന്നു എന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്.
''ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ ഉറപ്പായും അവർ പറയും, അല്ലാഹുവാണെന്ന്. എന്നിട്ടും എങ്ങനെയാണവർ വഴിതെറ്റിപ്പോകുന്നത്?'' (വിശുദ്ധ ഖുർആൻ 43:87)
''ആകാശഭൂമികളെ സൃഷ്ടിച്ചതും സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിത്തന്നതും ആരെന്ന് നീ ചോദിച്ചാൽ ഉറപ്പായും അവർ പറയും അല്ലാഹുവാണെന്ന്. എന്നിട്ടും എങ്ങനെയാണ് അവർക്ക് വ്യതിയാനം സംഭവിക്കുന്നത്?'' (വിശുദ്ധ ഖുർആൻ 29:61)
ആരാണോ സ്രഷ്ടാവ് അവന് മാത്രമാണ് കൽപിക്കാനുള്ള അധികാരമെന്നും അല്ലാഹു വ്യക്തമാക്കുന്നു.
''അറിയുക: സൃഷ്ടിക്കാനും കൽപിക്കാനും അവനു മാത്രമാണ് അധികാരം. സർവലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്ത്വമുള്ളവനാണ്'' (വിശുദ്ധ ഖുർആൻ 7:54)
സ്രഷ്ടാവായ അല്ലാഹുവിനെ അംഗീകരിക്കാതെ സൃഷ്ടിയായ മനുഷ്യന് ശരിയായ ജീവിതം സാധ്യമല്ല എന്ന് വ്യക്തം. വിശുദ്ധ ഖുർആനിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട വചനം ഇങ്ങനെയാണ്. ''സ്രഷ്ടാവായ നിന്റെ നാഥന്റെ നാമത്തിൽ നീ വായിക്കുക'' (വിശുദ്ധ ഖുർആൻ 96:1)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.