മാധ്യമങ്ങൾ സത്യം പ്രചരിപ്പിച്ച് അസത്യം ചെറുക്കണം –കിരീടാവകാശി
text_fieldsകുവൈത്ത് സിറ്റി: അറബ് മേഖലയിലെ മാധ്യമങ്ങൾക്ക് സത്യം പ്രചരിപ്പിക്കാനും അസത്യവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതു ചെറുക്കാനുമുള്ള വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു.
16ാമത് സ്ഥിരം അറബ് മീഡിയ കമ്മിറ്റിയുടെയും അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ 98ാമത് എക്സിക്യൂട്ടിവ് ഓഫിസിന്റെയും യോഗങ്ങളിൽ പങ്കെടുത്ത ജി.സി.സി, അറബ് ഇൻഫർമേഷൻ മന്ത്രിമാർക്കു ബയാൻ പാലസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി.
ജി.സി.സി, അറബ് ഉദ്യോഗസ്ഥരെ കുവൈത്തിലേക്ക് സ്വാഗതം ചെയ്ത കിരീടാവകാശി, മാധ്യമങ്ങൾ സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതിലും രാജ്യങ്ങൾക്കിടയിൽ പാലങ്ങൾ നിർമിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നതായി വ്യക്തമാക്കി.
പഴയ രീതിയിലായാലും അത്യാധുനിക സാങ്കേതികവിദ്യയിലായാലും മാധ്യമങ്ങൾ സത്യത്തെ പ്രതിഫലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിവുകൾ തിരിച്ചറിയാനും കിംവദന്തികൾ തടയാനും യഥാർഥ സംഭവവികാസങ്ങൾ പ്രചരിപ്പിക്കാനും മാധ്യമപ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് വഴക്കും സംഘർഷവും കുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങളിൽനിന്നും യുവാക്കളെ പിന്തിരിപ്പിക്കാൻ മാധ്യമങ്ങളെ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. യോഗങ്ങളുടെ അജണ്ടയിൽ ഫലസ്തീൻ പ്രശ്നം പ്രധാനമാക്കിയത് മികച്ച തിരഞ്ഞെടുപ്പാണെന്നു സൂചിപ്പിച്ച കിരീടാവകാശി, അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിൽ ഫലസ്തീൻ ജനതക്ക് കുവൈത്തിന്റെ ശക്തമായ പിന്തുണ ഉറപ്പാക്കി.
ജി.സി.സിയെയും അറബ് സമൂഹങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന എല്ലാറ്റിനെതിരെയും ഐക്യപ്പെടാനുള്ള കിരീടാവകാശിയുടെ ആഹ്വാനം മന്ത്രിമാർ ഗൗരവത്തിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാർത്താവിതരണ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി പറഞ്ഞു. കിരീടാവകാശിയുടെ ദിവാൻ മേധാവി ശൈഖ് അഹ്മദ് അൽ അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, ഓഫിസ് മേധാവി ജമാൽ അൽ തിയബ്, കിരീടാവകാശിയുടെ അണ്ടർ സെക്രട്ടറി ദിവാൻ മാസിൻ അൽ ഈസ എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.