കിരീടാവകാശി ലബനീസ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തിയുമായി ചർച്ച നടത്തി. ലണ്ടനിലായിരുന്നു കൂടിക്കാഴ്ച. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു. കുവൈത്തും ലബനാനും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു.
കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ജമാൽ അൽ ദിയാബ്, കിരീടാവകാശിയുടെ ഓഫിസിലെ അണ്ടർസെക്രട്ടറി മാസെൻ അൽ ഇസ, യൂറോപ്യൻ കാര്യ അസി. വിദേശകാര്യമന്ത്രി അംബാസഡർ സദെഖ് മാരേഫി, ബ്രിട്ടനിലെയും നോർത്ത് അയർലൻഡിലെയും കുവൈത്ത് അംബാസഡർ ബദർ അൽ അവാദി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിട്ടനിൽ എത്തിയത്.
വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, കിരീടാവകാശിയുടെ ഓഫിസിലെയും വിദേശകാര്യമന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉന്നത പ്രതിനിധി സംഘവും കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ മേയ് ആറിനാണ് ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.