വെല്ലുവിളികൾ പരിഹരിക്കുന്നതിൽ ഉച്ചകോടിക്ക് നിർണായക പങ്ക് –കുവൈത്ത് കിരീടാവകാശി
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ വെല്ലുവിളികളെ മറികടക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെയും അമേരിക്ക, ജോർഡൻ, ഈജിപ്ത്, ഇറാഖ് രാജ്യങ്ങളുടെയും കൂട്ടായ്മക്ക് നിർണായകമായ പങ്കുണ്ടെന്ന് കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. ആ നിലക്ക് ജിദ്ദയിൽ നടക്കുന്ന ഈ രാജ്യങ്ങളുടെ ഉച്ചകോടിക്ക് വലിയ പ്രസക്തിയുണ്ടെന്നും ഉച്ചകോടിയിൽ രാജ്യത്തെ പ്രതിനിധാനംചെയ്ത് സംസാരിച്ച് അദ്ദേഹം പറഞ്ഞു.
മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളിൽ കൂടുതൽ കൂടിയാലോചനകളും ഏകോപനവും ആവശ്യമുണ്ട്. സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി, സഹോദര അറബ് രാജ്യങ്ങൾ, അമേരിക്ക എന്നിവ ചേർന്ന് നടക്കുന്ന സുപ്രധാനമായ നാലാമത്തെ സുരക്ഷ, വികസന ഉച്ചകോടിക്ക് വലിയ ചരിത്രപ്രാധാന്യമുണ്ട്. അമേരിക്കയുമായി തന്ത്രപ്രധാന പങ്കാളിത്തത്തിന് ജി.സി.സി ആത്മവിശ്വാസത്തോടെ പ്രതിബദ്ധമാണെന്ന് പറഞ്ഞ കുവൈത്ത് കിരീടാവകാശി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഫലസ്തീൻ, യുക്രെയ്ൻ പ്രശ്നങ്ങളിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് നീതിപുലരുവാൻ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു. ഉച്ചകോടിയിൽ കുവൈത്ത് അമീറിന്റെ അഭിവാദ്യങ്ങൾ അറിയിച്ച അദ്ദേഹം മികച്ച സംഘാടനത്തിന് സൗദി അധികാരികളെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.